മഴ മാറി നിന്നാല്‍ ഇന്ന് ഏഷ്യന്‍ അങ്കം; ബംഗ്ല കടുവകളും ശ്രീലങ്കയും എതിരിടും

By Web TeamFirst Published Jun 11, 2019, 8:58 AM IST
Highlights

അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രദീപിന് പകരം ജീവൻ മെൻഡിസ് ടീമിൽ എത്താനാണ് സാധ്യത. അതിനാല്‍ ലസിത് മലിംഗയുടെ പന്തുകളെ ലങ്കന്‍പടയ്ക്ക് കൂടുതൽ ആശ്രയിക്കേണ്ടിവരും. ബാറ്റിംഗ് നിരയിൽ ഒരുറപ്പുമില്ല. എയ്ഞ്ചലോ മാത്യൂസും കുശാൽ മെൻഡിസും റൺസില്ലാതെ വലയുകയാണ്

ബ്രിസ്റ്റോള്‍: ലോകകപ്പിൽ ഇന്ന് ആവേശമുണര്‍ത്തുന്ന ഏഷ്യൻ പോരാട്ടം. ബംഗ്ലാദേശ് മുൻ ചാന്പ്യൻമാരായ ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്ന് മുതൽ ബ്രിസ്റ്റോളിലാണ് മത്സരം. കളിയും എല്ലാ വാശിയും കെടുത്തുന്ന മഴ ബ്രിസ്റ്റോളില്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്.

അതുകൊണ്ട്, പിച്ചിൽ മാത്രമല്ല മാനത്തും നോക്കിയേ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പോരിന് ഇറങ്ങാനാവൂ. വെള്ളിയാഴ്ച ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടുമണിയോടെ ഇന്നും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.

പരിശീലനത്തിനിടെ പരിക്കേറ്റ നുവാൻ പ്രദീപ് ഇല്ലാതെയാണ് ലങ്കയിറങ്ങുക. അഫ്ഗാനിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ പ്രദീപിന് പകരം ജീവൻ മെൻഡിസ് ടീമിൽ എത്താനാണ് സാധ്യത. അതിനാല്‍ ലസിത് മലിംഗയുടെ പന്തുകളെ ലങ്കന്‍പടയ്ക്ക് കൂടുതൽ ആശ്രയിക്കേണ്ടിവരും.

ബാറ്റിംഗ് നിരയിൽ ഒരുറപ്പുമില്ല. എയ്ഞ്ചലോ മാത്യൂസും കുശാൽ മെൻഡിസും റൺസില്ലാതെ വലയുകയാണ്. ഷാക്കിബ് അൽ ഹസ്സന്‍റെ ഓൾറൗണ്ട് മികവിനപ്പുറത്തേക്ക് ഉയരാത്തതാണ് ബംഗ്ലാദേശിന്‍റെ പ്രതിസന്ധി. പ്രധാനമായും ആശ്രയിക്കുന്ന സ്പിന്നർമാർക്ക് ഇംഗ്ലീഷ് സാഹചര്യത്തിൽ മികവിലേക്ക് ഉയരാൻ കഴിയുന്നില്ല.

സൗമ്യ സർക്കാരും തമീം ഇഖ്ബാലും നൽകുന്ന തുടക്കവും നിർണായകമാവും. പോയിന്റ് പട്ടികയിൽ ലങ്ക ആറും ബംഗ്ലാദേശ് എട്ടും സ്ഥാനത്താണ്. ബ്രിസ്റ്റോളിൽ ലങ്കയ്ക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. ബംഗ്ലാദേശിന് ഒരു ജയമുണ്ട്. ഇരുടീമും ഏകദിനത്തിൽ 45 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുപ്പത്തിയാറിലും ജയം ലങ്കയ്ക്ക്. ഏഴിൽ ബംഗ്ലാദേശ് ജയിച്ചപ്പോൾ രണ്ട് മത്സരം ഉപേക്ഷിച്ചു. 

click me!