ലോകകപ്പ് കഴിഞ്ഞും തുടരാം; ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് സന്തോഷ വാര്‍ത്ത

By Web TeamFirst Published Jun 13, 2019, 10:33 PM IST
Highlights

ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്. ഇന്ത്യന്‍ ടീമിന്‍റെ പ്രധാന പരിശീലകനെ തെരഞ്ഞെടുക്കേണ്ടത് പുതിയ ബിസിസിഐ നിയമപ്രകാരം പ്രത്യേക ഉപദേശക സമിതിയാണ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും സന്തോഷ വാര്‍ത്ത. ലോകകപ്പോടെ കാലാവധി തീരുന്ന സാഹചര്യത്തില്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും 45 ദിവസം കൂടെ കരാര്‍ നീട്ടി നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ കമ്മറ്റി തീരുമാനിച്ചു.

ലോകകപ്പിന് ശേഷം അഭിമുഖം നടത്തിയാകും പ്രധാന പരിശീലകനെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും കമ്മറ്റി തീരുമാനിക്കുക. ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരാണ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളത്. ഇന്ത്യന്‍ ടീമിന്‍റെ പ്രധാന പരിശീലകനെ തെരഞ്ഞെടുക്കേണ്ടത് പുതിയ ബിസിസിഐ നിബന്ധനപ്രകാരം പ്രത്യേക ഉപദേശക സമിതിയാണ്.

മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരാണ് ഈ സമിതിയിലുള്ളത്. എന്നാല്‍, തങ്ങള്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന വാദങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇനി ഇത്തരം ചുമതലകള്‍ വഹിക്കാന്‍ സാധിക്കില്ലെന്ന് ഉപദേശക സമിതി അംഗങ്ങള്‍ ബിസിസിഐ എതിക്സ് ഓഫീസര്‍ ഡി കെ ജെയ്നെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കൊടുവില്‍ 2017ല്‍ അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായത്. 

click me!