തോല്‍വിക്ക് പിന്നാലെ വിന്‍ഡീസിന് തിരിച്ചടി; താരത്തിന് ഐസിസിയുടെ പണി കിട്ടി

By Web TeamFirst Published Jun 15, 2019, 4:58 PM IST
Highlights

പുറത്തായ ശേഷം അംപയറുടെ തീരുമാനത്തോട് പ്രതിഷേധിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ ഐസിസി താക്കീതു ചെയ്തു.

സതാംപ്‌ടണ്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസീന് തിരിച്ചടി. പുറത്തായ ശേഷം അംപറുടെ തീരുമാനത്തോട് പ്രതിഷേധിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെ ഐസിസി താക്കീതു ചെയ്തു. ഐസിസി ശിക്ഷാ നിയമത്തിലെ വെലല്‍ വണ്‍ കുറ്റം ചെയ്തതായി കണ്ടെത്തിയ ബ്രാത്ത്‌വെയ്‌റ്റിന് ഒരു ഡീ മെറിറ്റ് പോയിന്‍റും മാച്ച് റഫറി ഡേവിഡ് ബൂണ്‍ വിധിച്ചു. 

വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സിലെ 43-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടിച്ചാണ് ബ്രാത്ത്‌വെയ്‌റ്റ് പുറത്തായത്. പന്ത് ബാറ്റില്‍ ഉരസിയതായി റീ പ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനത്തോട് പ്രതിഷേധിച്ചാണ് താരം കളംവിട്ടത്. കുറ്റം സമ്മതിച്ച് മാച്ച് റഫറിയുടെ ശിക്ഷാനടപടി സ്വീകരിച്ചതിനാല്‍ താരം വിശദീകരണം നല്‍കാന്‍ ഹാജരാകേണ്ടതില്ല. 

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചു. ലോകകപ്പിലെ റൂട്ടിന്‍റെ രണ്ടാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. 17-ാം ഏകദിന സെഞ്ചുറിയുമായി റൂട്ട് 94 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടി. ജോണി ബെയര്‍സ്‌റ്റോ (45), ക്രിസ് വോക്‌സ് (40) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്‌സ് (10) പുറത്താവാതെ നിന്നു.

click me!