
കാര്‍ഡിഫ്: വിക്കറ്റില്‍ പന്ത് കൊണ്ടിട്ടും ബെയ്‌ല്‍സ് വീഴാത്ത സംഭവം ലോകകപ്പില്‍ തുടര്‍ക്കഥ. ന്യൂസീലന്‍ഡിന് എതിരെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കുറി രക്ഷപെട്ടത്.
കിവീസ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. ബോള്‍ട്ടിന്‍റെ ഷോട്ട് ബോള്‍ ഇടംകൈയന്‍ ബാറ്റ്സ്മാനായ ദിമുതിന്‍റെ സ്റ്റംപില്‍ ഉരസി കടന്നുപോയി. എന്നാല്‍ ബെയ്‌ല്‍സ് ഇളകിയെങ്കിലും നിലത്ത് വീണില്ല. ഭാഗ്യത്തിന്‍റെ ആനുകൂല്യം കിട്ടിയ ദിമുത് അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ലങ്ക 136 റണ്‍സില്‍ പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ദിമുത് 84 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ ഭാരം കൂടിയ സിങ് ബെയ്‌ല്‍സിന് എതിരായ വിമര്‍ശനം കടുക്കുകയാണ്.
ലോകകപ്പില്‍ രണ്ടാം തവണയാണ് ഇത്തരം സംഭവം ആവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ഡികോക്കാണ് ഇത്തരത്തില്‍ രക്ഷപെട്ടത്. സ്‌പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞ 11-ാം ഓവറില്‍ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ഡികോക്കിനെ കടന്ന് സ്റ്റംപില്‍ ഉരസി. ടെലിവിഷന്‍ റിവ്യൂകളില്‍ ബെയ്‌ല്‍സ് ഇളകിയത് വ്യക്തമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അപ്പീല്‍ ചെയ്‌തെങ്കിലും ബെയ്‌ല്‍സ് നിലത്ത് വീഴാത്തതിനാല്‍ വിക്കറ്റ് അനുവദിക്കപ്പെട്ടില്ല.