
ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്നാണ് വി.വി.എസ് ലക്ഷ്മണ്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യക്കായി 86 തവണ ഏകദിന ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ലക്ഷ്മണ്‍. 30.76 ശരാശരിയില്‍ 2338 റണ്‍സും ഹൈദരാബാദുകാരന്‍ നേടി. എന്നാല്‍ ഒരിക്കല്‍ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടില്ല. 2003 ലോകകപ്പില്‍ ടീമില്‍ ഇടം നേടുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല. 2002 മുതല്‍ 2004 വരെ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. എങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചില്ല.
ഏതാണ്ട് ഇതേ അവസ്ഥയാണ് അംബാട്ടി റായുഡുവിനും ഉണ്ടായത്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരത്തിനായില്ല. ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായുഡു 47.06 ശരാശരിയില്‍ 1694 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ റായുഡു ഉണ്ടാവുമെന്ന് ഉറപ്പിക്കാവുന്ന വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തഴയപ്പെട്ടു. ഇപ്പോഴിതാ റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനവും വന്നു.
ഇന്ന് റായുഡു അനുഭവിച്ച നിരാശയും വിഷമവുമെല്ലാം അന്ന് ഞാനും അനുഭവിച്ചിരുന്നുവെന്നാണ് ലക്ഷ്മണിന്‍റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. റായുഡുവിന്‍റെ വിരമില്‍ പ്രഖ്യാപനത്തിന് ശേഷമാണ് ലക്ഷ്മണിന്‍റെ ട്വീറ്റ് വന്നത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതിന്റെ വേദനയും നിരാശയും നന്നായി അറിയാം. വിരമിക്കലിന് ശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു...'' എന്ന് പറഞ്ഞാണ് ലക്ഷ്മണ്‍ ട്വീറ്റ് അവസാനിപ്പിച്ചത്.
ലക്ഷ്മണിന്റെ ട്വീറ്റിന് നിരവധി പേര്‍ മറുപടി അയച്ചിട്ടുണ്ട്. തെലുഗു താരങ്ങളെ എപ്പോഴും ടീമില്‍ നിന്ന് തഴയുകയാണെന്ന അഭിപ്രായവും ക്രിക്കറ്റ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നു.