
ലോര്‍ഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവി വഴങ്ങിയതോടെ ന്യൂസിലന്‍ഡിന്‍റെ സെമി സാധ്യത ത്രിശങ്കുവിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍ഡ് 157 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
താരതമ്യേന കുറഞ്ഞ സ്കോറായിരുന്നിട്ടും ഓസീസിന്റെ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കിവീസ് പടയ്ക്ക് സാധിച്ചില്ല. കിവീസ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്. 40 റൺസ് നേടിയ വില്യംസണാണ് അവരുടെ ടോപ് സ്കോറർ. റോസ് ടെയ്‌ലർ 30 റൺസും മാർട്ടിൻ ഗപ്റ്റില്‍ 20 റൺസും നേടി.
ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക് 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ജാസന്‍ ബെഹ്‌റന്‍ഡോര്‍ഫ് രണ്ടും പാറ്റ് കമ്മിൻസ്, നഥാന്‍ ലിയോൻ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാൻ ഖവാജ (88), അലക്സ് ക്യാരി (71) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. കീവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് ഹാട്രിക്ക് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടി.
പോയിന്റ് പട്ടികയിൽ ഇതോടെ ഓസീസിന് 14 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 11 പോയിന്റാണ്. എന്നാൽ ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.
മൂന്നാം സ്ഥാനത്തുള്ള കീവീസിന് ഇപ്പോൾ 11 പോയിന്റാണ്. ഒരു മത്സരം മാത്രമാണ് ഇവർക്കിനി അവശേഷിക്കുന്നത്. അതും കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. സെമിഫൈനലിൽ കടക്കണമെങ്കിൽ രണ്ടിലും ഇവർക്ക് വിജയം അനിവാര്യമാണ്.