Latest Videos

ലോകകപ്പ് സെഞ്ചുറിനേട്ടത്തില്‍ ചരിത്രനേട്ടവുമായി രോഹിത്

By Web TeamFirst Published Jul 6, 2019, 9:21 PM IST
Highlights

ഈ ലോകകപ്പില്‍ രോഹിത് നേടുന്ന തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് പുറകെ ലോകകപ്പിലെ ടോപ് സ്കോറര്‍ പട്ടവും രോഹിത് തിരിച്ചു പിടിച്ചു.

ലീഡ്സ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടം കുറിച്ച് രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്. 2015ലെ ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി.

ഈ ലോകകപ്പില്‍ രോഹിത് നേടുന്ന തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. സെഞ്ചുറിക്ക് പുറകെ ലോകകപ്പിലെ ടോപ് സ്കോറര്‍ പട്ടവും രോഹിത് തിരിച്ചു പിടിച്ചു. ഷാക്കിബ് അല്‍ ഹസനെ മറികടന്നാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(673) റെക്കോര്‍ഡിന് അരികെയാണ് രോഹിത് ഇപ്പോള്‍.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും(104) അതിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും(102) സെഞ്ചുറി നേടിയ രോഹിത് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. നേരത്തെ ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്.

ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന നാലാമത്തെ മാത്രം ബാറ്റ്സ്മാനാണ് രോഹിത്. 2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന്‍(659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍(606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

click me!