കോലിയെ പോലെ സ്മിത്തിനെ കൂവുന്നവരെ തടയില്ലെന്ന് ഓയിന്‍ മോര്‍ഗന്‍

Published : Jun 24, 2019, 10:38 PM ISTUpdated : Jun 24, 2019, 10:42 PM IST
കോലിയെ പോലെ സ്മിത്തിനെ കൂവുന്നവരെ തടയില്ലെന്ന് ഓയിന്‍ മോര്‍ഗന്‍

Synopsis

പന്ത് ചുരണ്ടല്‍ ആരോപണത്തിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. അതിന് അതിന്റേതായ സമയം എടുക്കുമെന്നും മോര്‍ഗന്‍

ലണ്ടന്‍: ലോകകപ്പില്‍ ചൊവ്വാഴ്ച ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാര്‍ണറെയോ കൂവിയാല്‍ ഇടപെടില്ലെന്ന് പ്രഖ്യാപിച്ച് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍.ഇന്ത്യാ-ഓസ്ട്രേലിയ മത്സരത്തിനിടെ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനെ കൂവിയ ഇന്ത്യന്‍ ആരാധകരെ തടഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നടപടി ക്രിക്കറ്റ് ലോകത്തിന്റെ കൈയിടി നേടിക്കൊടുത്തിരുന്നു.

ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ലെന്ന് മോര്‍ഗന്‍ പറഞ്ഞു. ലോര്‍ഡ്സില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരില്‍ നിന്ന് സമ്മിശ്രപ്രതികരണം ഉണ്ടാകുമെന്നറിയാം. അവര്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് നേരത്തെ പറയാനാവില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ ആരോപണത്തിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. അതിന് അതിന്റേതായ സമയം എടുക്കുമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണറെയും സ്മിത്തിനെയും കൂവരുതെന്ന് പറയുന്ന ഓസ്ട്രേലിയയുടേത് ഇരട്ടത്താപ്പാണെന്ന് നേരത്തെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ പറഞ്ഞിരുന്നു. ആഷസ് പരമ്പരക്കിടെ സ്റ്റുവര്‍ട്ട് ബ്രോഡിനെ അധിക്ഷേക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടത് ഓസീസിന്റെ മുന്‍ പരിശീലകനായിരുന്ന ഡാരന്‍ ലീമാന്‍ ആയിരുന്നുവെന്ന കാര്യം ആരും മറക്കരുതെന്നും ബെയര്‍സ്റ്റോ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ആഭിപ്രായം പറയാനില്ലെന്നും ഓരോ ടീമും വ്യത്യസ്ത സംസ്കാരത്തെ പ്രതിനിധീകരിക്കുന്നവരാണെന്നുമായിരുന്നു ബെയര്‍സ്റ്റോയുടെ പ്രതികരണത്തെക്കുറിച്ച് മോര്‍ഗന്റെ മറുപടി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും ലോകകപ്പ് ക്രിക്കറ്റിലൂടെയാണ് ഓസ്ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ