രോഹിത്തും കോലിയും കളിച്ചത് വ്യക്തിഗത നേട്ടത്തിനായി; ആരോപണവുമായി മുന്‍ പാക് താരം

By Web TeamFirst Published Jul 1, 2019, 9:48 PM IST
Highlights

ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഫോമിലാണെന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ലക്ഷ്യം. രോഹിത് ഇഷ്ടംപോലെ സമയമെടുത്താണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അലസമായാണ് വിരാട് 66 റണ്‍സടിച്ചത്

ലണ്ടന്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും കളിച്ചത് വ്യക്തിഗത നേട്ടത്തിനായാണെന്ന് മുന്‍ പാക് താരം ബാസിത് അലി. ഇരുവരും വിജയതൃഷ്ണ കാണിച്ചില്ലെന്നും ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയത്തിനായി പൊരുതിയതെന്നും ബാസിത് അലി ആരോപിച്ചു. പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ 28 റണ്‍സ് മാത്രമാണ് കോലിയും രോഹിത്തും ചേര്‍ന്നടിച്ചത്. ഗ്രൗണ്ടില്‍ പിക്നിക്കിന് വന്നവരെപ്പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഫോമിലാണെന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ ലക്ഷ്യം. രോഹിത് ഇഷ്ടംപോലെ സമയമെടുത്താണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അലസമായാണ് വിരാട് 66 റണ്‍സടിച്ചത്. 33 പന്തില്‍ 45 റണ്‍സടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് ജയിക്കാനായി ബാറ്റ് വീശിയത്-പാക് ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബാസിത് അലി പറഞ്ഞു.

നേരത്തെ പാക്കിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇനിയുള്ള കളികള്‍ മന:പൂര്‍വം തോറ്റുകൊടുക്കുമെന്ന് പറഞ്ഞും ബാസിത് അലി വിവാദം സൃഷ്ടിച്ചിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാന്റെ സെമി സാധ്യത ഇന്ത്യ-ഇംഗ്ലണ്ട് മത്സരഫലത്തെ ആശ്രയിച്ചായിരുന്നു. ഇംഗ്ലണ്ട് ഇന്നലെ ഇന്ത്യയോട് തോറ്റിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ സെമി സാധ്യത വര്‍ധിക്കുമായിരുന്നു. ബര്‍മിംഗ്ഹാമില്‍ പാക് ആരാധകരും ഇന്ത്യയെ പിന്തുണക്കാന്‍ എത്തിയിരുന്നു.

click me!