ഇത്തവണ കോലി തന്നെ ആ നേട്ടത്തില്‍ മുന്നില്‍; അംല രണ്ടാമന്‍

By Web TeamFirst Published Jun 19, 2019, 7:21 PM IST
Highlights

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് മുതല്‍ 7000 റണ്‍സ് വരെ സ്വന്തമാക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയ അംലക്ക് 8000 റണ്‍സും അതിവേഗം നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാമായിരുന്നെങ്കിലും ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനമാണ് വിനയായത്.

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലക്ക് റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് അംല സ്വന്തമാക്കിയത്. 176 മത്സരങ്ങളില്‍ നിന്നാണ് അംല 8000 റണ്‍സ് പിന്നിട്ടത്. 175 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് അതിവേഗം ഈ നേട്ടത്തിലെത്തിയ ആദ്യ ബാറ്റ്സ്മാന്‍.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് മുതല്‍ 7000 റണ്‍സ് വരെ സ്വന്തമാക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് നേരത്തെ സ്വന്തമാക്കിയ അംലക്ക് 8000 റണ്‍സും അതിവേഗം നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാമായിരുന്നെങ്കിലും ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ മോശം പ്രകടനമാണ് വിനയായത്. ലോകകപ്പിന് മുമ്പ് 90 റണ്‍സായിരുന്നു അംലക്ക് 8000 റണ്‍സ് പിന്നിടാന്‍ വേണ്ടിയിരുന്നത്. 171 ഇന്നിംഗ്സുകള്‍ മാത്രമെ അംല കളിച്ചിരുന്നുള്ളു.

ഏകദിനത്തില്‍ അതിവേഗം 2000, 3000, 4000, 5000, 6000, 7000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലിയെ പിന്നിലാക്കിയാണ് അംല സ്വന്തമാക്കിയത്. 182 മത്സരങ്ങളില്‍ നിന്ന് 8000 റണ്‍സ് പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് മൂന്നാം സ്ഥാനത്ത്. 200 ഇന്നിംഗ്സുകളില്‍ ഈ നേട്ടത്തിലെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും രോഹിത് ശര്‍മയുമാണ് നാലാം സ്ഥാനത്ത്.

click me!