അഫ്ഗാനെതിരായ പോരാട്ടം, ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത; സാധ്യതാ ടീം

By Web TeamFirst Published Jun 21, 2019, 7:46 PM IST
Highlights

പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി അഫ്ഗാനെതിരെ അന്തിമ ഇലവനില്‍ കളിക്കും.

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ശനിയാഴ്ച അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുകയാണ്. പാക്കിസ്ഥാനെതിരെ കളിച്ച മത്സരത്തില്‍ ഏതാനും മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ അഫ്ഗാനെതിരെ ഇറങ്ങുക എന്നാണ് സൂചന. പേസ് ബൗളിംഗിലാണ് മാറ്റം ഉറപ്പായിട്ടുള്ളത്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി അഫ്ഗാനെതിരെ അന്തിമ ഇലവനില്‍ കളിക്കും. ഓപ്പണിംഗില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം തന്നെയാവും എത്തുക. വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയും എത്തും.

നാലാം നമ്പറിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. പരിശീലനത്തിനിടെ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍ വിരലിന് പരിക്കേറ്റ വിജയ് ശങ്കറിന് പകരം യുവതാരം ഋഷഭ് പന്ത് അന്തിമ ഇലവനില്‍ എത്താനുള്ള സാധ്യതയുണ്ട്. ടീമിലെ ഏക ഇടം കൈയന്‍ ബാറ്റ്സ്നമാനാണ് ഋഷഭ് പന്ത് എന്നതും യുവതാരത്തിന് അനുകൂലഘടകമാണ്.

അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനും വമ്പനടിക്കാരനായ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയും.അഞ്ചാമനായി എം എസ് ധോണി എത്തുമ്പോള്‍ ആറാം നമ്പറില്‍ കേദാര്‍ ജാദവും ഏഴാമനായി ഹര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങും. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും സ്പിന്നര്‍മാരായി തുടരും.

അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്/വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര.

click me!