
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായപ്പോഴും തല ഉയര്‍ത്തി നിന്നത് രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യമായിരുന്നു. എട്ടാമനായി ക്രീസിലിറങ്ങി 77 റണ്‍സടിച്ച ജഡേജയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചത്. ധോണിക്കൊപ്പം 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താനും ജഡേജക്കായി.
സെമിയിലെ തോല്‍വിക്കുശേഷം തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് ജഡേജ. ട്വീറ്റിലൂടെയാണ് ജഡേജ തോല്‍വിക്കുശേഷം ആദ്യമായി പ്രതികരിച്ചത്. ഓരോ വീഴ്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന പാഠം എന്നെ പഠിപ്പിച്ചത് സ്പോര്‍ട്സ് ആണ്. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ എന്നെ പിന്തുണച്ച, പ്രചോദിപ്പിച്ച ആരാധകര്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. നിങ്ങളുടെ പിന്തുണക്ക് നന്ദി. എന്നെ പ്രചോദിപ്പിക്കു, അവസാനശ്വാസം വരെ ഞാനെന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാം-ജഡേജ ട്വിറ്ററില്‍ കുറിച്ചു.
ബാറ്റിംഗില്‍ മാത്രമായിരുന്നില്ല സെമിയില്‍ ജഡേജ താരമായത്. രണ്ട് നിര്‍ണായക ക്യാച്ചുകളെടുക്കുകയും റോസ് ടെയ്‌ലറെ നിര്‍ണായകഘട്ടത്തില്‍ റണ്ണൗട്ടാക്കുകയും ചെയ്ത ജഡേജ പത്തോവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.