
ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം. കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്പോര്‍ട്സിലേക്ക് വരരുത്. വല്ല, പാചകവും കരിയറായി തെരഞ്ഞെടുക്കൂ. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കുശേഷം ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് നല്‍കാന്‍ കഴിയാഞ്ഞതില്‍ ഞങ്ങളോട് ക്ഷമിക്കുക. ഇത് തികച്ചും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോര്‍ഡ്സിലെ അവസാന അര മണിക്കൂറിനെക്കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നൊ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളിത് അര്‍ഹിക്കുന്നു. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്.
സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനൊപ്പം ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ നീഷാമിന്റെ മികവിലാണ് കീവീസ് 15 റണ്‍സടിച്ചത്. ജോഫ്ര ആര്‍ച്ചറെ സിക്സറിന് പറത്തി നീഷാം കീവീസിനെ കിരീടത്തിന് അടുത്തെത്തിച്ചെങ്കിലും അവസാന പന്തില്‍ ഗപ്ടില്‍ റണ്ണൗട്ടായതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.