ആരാധകരോഷം കനത്തു; ധോണി വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് മ‍ഞ്ജരേക്കര്‍

By Web TeamFirst Published Jul 1, 2019, 9:17 PM IST
Highlights

മാധ്യമങ്ങളാണ് ധോണിയെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും മികച്ച പ്രകടനം നടത്താന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് മുകളിലാണ് ടീം മാനേജ്മെന്റ് സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ എം എസ് ധോണിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ആരാധകരോഷം കനത്തതോടെ മലക്കം മറിഞ്ഞു.

If there was any team that had the ability to stop India’s winning run. It was England. Dhoni’s approach in the last few overs however was baffling. 🤔

— Sanjay Manjrekar (@sanjaymanjrekar)

ധോണിയല്ല, കെ എല്‍ രാഹുലാണ് മികച്ച പ്രകടനം നടത്തേണ്ടത് എന്നാണ് മ‍ഞ്ജരേക്കറുടെ ഒടുവിലത്തെ നിലപാട്. ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ധോണിയെ മാത്രം കുറ്റം പറയുന്നതില്‍ അനീതിയാണെന്നു പറഞ്ഞ മഞ്ജരേക്കര്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന ധോണിയേക്കാളും മറ്റ് ബാറ്റ്സ്മാന്‍മാരായിരുന്നു മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.

 

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ പ്രകടനത്തെയും മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. മാധ്യമങ്ങളാണ് ധോണിയെ വിമര്‍ശിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇന്ത്യന്‍ ടീമിന്റെ  അനുഭാവി എന്ന നിലയ്ക്ക് പറയുകയാണെങ്കില്‍ മികച്ച പ്രകടനം നടത്താന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് മുകളിലാണ് ടീം മാനേജ്മെന്റ് സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നും പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജരേക്കര്‍ വ്യക്തമാക്കി. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റി പ്രതിഭക്കൊത്ത പ്രകടനം രാഹുല്‍ പുറത്തെടുക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം, ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ധോണി ഒരു പന്തില്‍ ഒരു റണ്‍ വെച്ചെങ്കിലും എടുക്കാന്‍ ശ്രമിക്കണമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. തുടക്കത്തിലെ രണ്ട് വിക്കറ്റ് പോയശേഷം ധോണി എത്തുമ്പോള്‍ പ്രതിരോധിച്ച് കളിക്കുന്നതിനെ മനസിലാക്കാം. എന്നാല്‍ 20-25 ഓവറുകള്‍ക്ക് ശേഷം ഇറങ്ങുമ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍ വെച്ചെങ്കിലും നേടാന്‍ ധോണിയോട് ആവശ്യപ്പെടണം- മഞ്ജരേക്കര്‍ പറഞ്ഞു. ധോണിയെ വിമര്‍ശിച്ചുകൊണ്ട് മഞ്ജരേക്കര്‍ നേരത്തെ ഇട്ട ട്വീറ്റിന് താഴെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് മഞ്ജരേക്കര്‍ക്കുനേരെ നടത്തിയത്.

click me!