സെമിയിലെ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി; സ്റ്റാര്‍ സ്പോര്‍ട്സിന് നഷ്ടം കോടികള്‍

By Web TeamFirst Published Jul 14, 2019, 3:41 PM IST
Highlights

ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കില്‍ 10 സെക്കന്‍ ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് സ്റ്റാര്‍ സ്പോര്‍ട്സ് 25-30 ലക്ഷം രൂപ ഈടാക്കുമായിരുന്നുവെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 15-17 ലക്ഷം രൂപയാണ് 10 സെക്കന്‍ഡ് പരസ്യത്തിന് ഈടാക്കിയിരുന്നത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായത് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ പരസ്യവരുമാനത്തെയും പ്രതികൂലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ സെമിയില്‍ പുറത്തായതോടെ പരസ്യവരുമാനത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സിന് 10-15 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ പുറത്തായതോടെ ആരാധകര്‍ക്ക് ലോകകപ്പിലുള്ള ആവേശം കുറഞ്ഞത് ടിവി കാഴ്ചക്കാരെയും ബാധിച്ചു.

ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കില്‍ 10 സെക്കന്‍ ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് സ്റ്റാര്‍ സ്പോര്‍ട്സ് 25-30 ലക്ഷം രൂപ ഈടാക്കുമായിരുന്നുവെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 15-17 ലക്ഷം രൂപയാണ് 10 സെക്കന്‍ഡ് പരസ്യത്തിന് ഈടാക്കിയിരുന്നത്. എന്നാല്‍ പരസ്യ സ്ലോട്ടുകള്‍ നേരത്തെ മൊത്തമായി വില്‍ക്കുകായണ് ചെയ്യുന്നത് എന്നതിനാല്‍  സ്റ്റാര്‍ സ്പോര്‍ട്സിന് വലിയ നഷ്ടം സംഭവിക്കാനിടയില്ലെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. എങ്കിലും അവസാന നിമിഷം നല്‍കാനായി ചില സ്ലോട്ടുകള്‍ മാറ്റിവെക്കുമെന്നതിനാല്‍ ഈ സ്ലോട്ടുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ടാകുമെന്നും അവര്‍ പറയുന്നു.

ലോകകപ്പ് സംപ്രേഷണത്തിലൂടെ 1800 കോടി രൂപയുടെ വരുമാനമാണ് സ്റ്റാര്‍ സ്പോര്‍ട്സ് നേടുകയെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണ ലോകകപ്പ് മത്സരങ്ങളില്‍ 5500 സെക്കന്‍ഡ് സമയമാണ് പരസ്യത്തിനായി ലഭിക്കാറുള്ളത്. എന്നാല്‍ ഫൈനലില്‍ സാഹചര്യങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും അനുസരിച്ച് ഇത് 7000 സെക്കന്‍ഡ് വരെയായി സ്റ്റാര്‍ സ്പോര്‍ട്സ് ഉയര്‍ത്താറുണ്ട്. ലോകകത്തിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡുകള്‍ അടക്കം നാല്‍പതോളം ബ്രാന്‍ഡുകളാണ് ലോകകപ്പ് സമയത്ത് സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പരസ്യം ചെയ്തത്.

ടെലിവിഷന്‍ പര്യത്തിലൂടെ സ്റ്റാര്‍ ഇക്കാലയളവില്‍ 1200-1500 കോടി രൂപയും ഹോട്ട് സ്റ്റാറിലെ ലൈവ് സ്ട്രീമിംഗിലൂടെ 300 കോടി രൂപയും സ്വന്തമാക്കിയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയുടെ മത്സരങ്ങളില്‍ ഭൂരിഭാഗവും അവധി ദിവസങ്ങളിലോ ആഴ്ച അവസാനമോ വെച്ചതും പരസ്യവിപണിയില്‍ കണ്ണുവെച്ചായിരുന്നു. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് ഹോട്ട് സ്റ്റാറിലൂടെ ലൈവ് സ്ട്രീം ചെയ്തും സ്റ്റാര്‍ ഇത്തവണ അധിക വരുമാനം കണ്ടെത്തി. ലോകകപ്പിനു് മുമ്പ് നടന്ന ഐപിഎല്ലില്‍ നിന്ന് 2500 കോടിയോളം രൂപയാണ് പരസ്യയിനത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്.

click me!