Latest Videos

മാഞ്ചസ്റ്ററിലെ പിച്ച്; ഇന്ത്യക്ക് തിരിച്ചടിയാകുന്ന ഘടകം

By Web TeamFirst Published Jun 16, 2019, 12:50 PM IST
Highlights

മൂടിക്കെട്ടിയ അന്തരീക്ഷവും ഒപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും ബൗളര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകങ്ങളാണ്. കൂടാതെ, പിച്ച് മൂടിയിട്ടിരുന്നതിനാല്‍ വന്നിരിക്കുന്ന മാറ്റവും വിലയിരുത്തേണ്ടി വരും. ഈ കാലാവസ്ഥ സാഹചര്യങ്ങളില്‍ മുഹമ്മദ് ആമിര്‍ നയിക്കുന്ന പാക്കിസ്ഥാന്‍ പേസ് ആക്രമണം സസൂക്ഷ്മം ഇന്ത്യക്ക് നേരിട്ടേ മതിയാകൂ

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ചിന്തയൊന്നും കോലിപ്പടയുടെ മനസില്‍ ഇല്ല. എന്നാല്‍, പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങും മുമ്പ് ഒരുപാട് കാര്യങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതുണ്ട്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇല്ലാതെ ലോകകപ്പില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുക്കെട്ട് പരീക്ഷിച്ച് നോക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇതോടെ ഇന്ന് ഓപ്പണിംഗില്‍ രാഹുല്‍ എത്തുമ്പോള്‍ എത്രമാത്രം ഒത്തിണക്കം രോഹിത്തുമായുണ്ടാകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്.

മാഞ്ചസ്റ്ററിലെ പിച്ചും കാലാവസ്ഥയും ഇന്ത്യക്ക് അത്ര ശുഭസൂചന നല്‍കുന്ന ഒന്നല്ല. മാഞ്ചസ്റ്ററിലെ പിച്ച് ബാറ്റിംഗിന് അത്ര പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍, മൂടിക്കെട്ടിയ അന്തരീക്ഷവും ഒപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയും ബൗളര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന ഘടകങ്ങളാണ്. കൂടാതെ, പിച്ച് മൂടിയിട്ടിരുന്നതിനാല്‍ വന്നിരിക്കുന്ന മാറ്റവും വിലയിരുത്തേണ്ടി വരും.

ഈ കാലാവസ്ഥ സാഹചര്യങ്ങളില്‍ മുഹമ്മദ് ആമിര്‍ നയിക്കുന്ന പാക്കിസ്ഥാന്‍ പേസ് ആക്രമണം സസൂക്ഷ്മം ഇന്ത്യക്ക് നേരിട്ടേ മതിയാകൂ. രോഹിത് ശര്‍മയും വിരാട് കോലിയിലുമാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. ഇരുവരും ആവര്‍ത്തിക്കുന്ന പിഴവുകള്‍ പഠിച്ചാകും പാക്കിസ്ഥാന്‍ എത്തുക. അതിനാല്‍ ആമിറിനെ മെരുക്കാനുള്ള പരിശീലനങ്ങള്‍ ഇന്ത്യ ഇതിനകം നടത്തി കഴിഞ്ഞിട്ടുണ്ട്.

തിരിച്ച് ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന്‍ പേസ് നിരയും മികച്ച ഫോമിലാണ്. മാഞ്ചസ്റ്ററിലെ സാഹചര്യങ്ങളില്‍ ടോസ് ഏറെ നിര്‍ണായകമാണ്. ആകെ 45 ഏകദിനങ്ങള്‍ നടന്നിട്ടുള്ള ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് 18 വട്ടം മാത്രമാണ്. ലിസ്റ്റ് എ ഗെയിംസില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ആവറേജ് സ്കോര്‍ 260 മാത്രമാണ്.

ഇപ്പോഴുള്ള കാലാവസ്ഥ കൂടി പരിഗണിക്കുമ്പോള്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. ഇംഗ്ലണ്ടിലെ മറ്റു പിച്ചുകളേക്കാള്‍ ഫ്ലാറ്റായി പച്ചപ്പ് കുറഞ്ഞ പിച്ചാണ് മാഞ്ചസ്റ്ററിലേത്. അതുകൊണ്ട് സ്പിന്നര്‍മാര്‍ക്കും വലിയ പ്രതീക്ഷകള്‍ മാഞ്ചസ്റ്റര്‍ നല്‍കുന്നുണ്ട്. 

click me!