
ലണ്ടന്‍: ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളാണ് ആതിഥേയരായ ഇംഗ്ലണ്ട്. ശക്തമായ ബാറ്റിംഗ്- ബൗളിംഗ് ലൈനപ്പുകള്‍ക്കൊപ്പം പകരവയ്‌ക്കാനില്ലാത്ത ഓള്‍റൗണ്ട് മികവുമാണ് ഇംഗ്ലണ്ടിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത്. ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ട് എന്ന് ഇതിഹാസ താരം കെവിന്‍ പീറ്റേര്‍സന്‍റെ വാക്കുകള്‍ ശരിവെക്കുന്നു.
റിക്കി പോണ്ടിംഗ് നയിച്ച ഇതിഹാസ ഓസ്‌ട്രേലിയന്‍ ടീമിനോടാണ് ഇപ്പോഴത്തെ ഇംഗ്ലീഷ് പടയെ കെപി താരതമ്യം ചെയ്യുന്നത്. ഹെയ്‌ഡന് തിളങ്ങാനാകാതെ വന്നാല്‍ പോണ്ടിംഗ്, പോണ്ടിംഗിന് കഴിയാതെ വന്നാല്‍ ഗില്‍ക്രിസ്റ്റ്...സമാനമായി ഇംഗ്ലണ്ട് ടീമില്‍ ജാസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍ എന്നിവരുണ്ട്. ഈ ടീം വളരെ മികച്ചതാണെന്നും മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ട്വീറ്റ് ചെയ്‌തു.
എന്നാല്‍ വിഖ്യാത ഓസ്‌ട്രേലിയന്‍ സംഘവുമായി ഇംഗ്ലണ്ടിനെ താരതമ്യം ചെയ്ത പീറ്റേര്‍സണിനെതിരെ നിരവധി ആരാധകര്‍ രംഗത്തെത്തി. സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്‍റെയും കീഴില്‍ തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകള്‍ ഉയര്‍ത്തിയ ടീമാണ് ഓസ്‌ട്രേലിയ. ആകെ അഞ്ച് കിരീടങ്ങളും നിലവിലെ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയ സ്വന്തമാക്കി. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ കിരീടംനേടാന്‍ ഇംഗ്ലണ്ടിനായിട്ടില്ല.