
ബിര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ജാസന്‍ റോയ്‌യും തകര്‍ത്തടിച്ചപ്പോള്‍ കൂറ്റന്‍ സ്‌കോറില്‍ എത്തും ഇംഗ്ലണ്ട് എന്ന പ്രതീതിയുണ്ടായി. ഈ അവസരത്തില്‍ മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഒരു പ്രവചനവുമായെത്തി.
ഏകദിനത്തില്‍ 500 റണ്‍സ് നേടുന്ന ആദ്യ ടീമാകണം ഇംഗ്ലണ്ട് എന്നായിരുന്നു കെപിയുടെ ട്വീറ്റ്. ഒന്നാം വിക്കറ്റില്‍ 160 റണ്‍സും ബെയര്‍സ്റ്റോയുടെ സെഞ്ചുറിയും പിറന്നപ്പോള്‍ ഇംഗ്ലണ്ട് 400 റണ്‍സ് പിന്നിടുമെന്ന് ഒരുവേള ഉറപ്പായിരുന്നു. എന്നാല്‍ അഞ്ച് വിക്കറ്റുമായി ഷമി ആഞ്ഞടിച്ചപ്പോള്‍ 50 ഓവറില്‍ 337-7 എന്ന സ്‌കോറില്‍ ഇംഗ്ലണ്ട് ഒതുങ്ങി. കെപിയുടെ പ്രവചനം ശരിയാകണമെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം.
ബിര്‍മിംഗ്‌ഹാമില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിന് ശേഷം മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ 350ല്‍ താഴെ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 111 റണ്‍സും ജാസന്‍ റോയ് 66 റണ്‍സുമെടുത്തു. റൂട്ട് 44ല്‍ പുറത്തായപ്പോള്‍ 54 പന്തില്‍ 79 എടുത്ത സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ഇന്ത്യക്കായി ഷമി അഞ്ചും ബുമ്രയും കുല്‍ദീപും ഓരോ വിക്കറ്റും നേടി.