
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തിലും ഋഷഭ് പന്തിന് ഇന്ത്യന്‍ ടീം അവസരം നല്‍കിയില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഓപ്പണറായി കെ എല്‍ രാഹുലും നാലാം നമ്പറില്‍ വിജയ് ശങ്കറും തുടരുമ്പോള്‍ പന്തിന് ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവന്നു.
ഇതോടെ ലോകകപ്പില്‍ ഋഷഭിന് എന്ന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കും എന്ന ചോദ്യമുയര്‍ത്തി ഇതിഹാസ താരങ്ങളായ മൈക്കല്‍ വോണും മാര്‍ക് വോയും രംഗത്തെത്തി. പന്തിന് എന്തുകൊണ്ട് ഈ ടീമില്‍ അവസരം കിട്ടുന്നില്ല എന്ന് തനിക്കറിയില്ല എന്നായിരുന്നു വോണിന്‍റെ ട്വീറ്റ്. ഇതിന് മറുപടിയായി തനിക്കും അതറിയില്ല എന്നായിരുന്നു മാര്‍ക് വോയുടെ ട്വീറ്റ്.
മത്സരത്തില്‍ കെ എല്‍ രാഹുല്‍ 48 റണ്‍സും വിജയ് ശങ്കര്‍ 14 റണ്‍സുമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268 റണ്‍സെടുത്തു. നായകന്‍ വിരാട് കോലിയുടെയും എം എസ് ധോണിയുടെയും അര്‍ദ്ധ സെഞ്ചുറികളും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സും ധോണി 61 പന്തില്‍ 56 റണ്‍സും പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സുമെടുത്തു.