രണ്ടാം മത്സരത്തിലും ഏറിന് എന്തൊരു തിളക്കം; ഷമിക്ക് റെക്കോര്‍ഡ്

By Web TeamFirst Published Jun 27, 2019, 10:53 PM IST
Highlights

ഷമിയുടെ മികവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 6.2 ഓവര്‍ മാത്രമെറിഞ്ഞ ഷമി വെറും 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ ജയം നേടിയപ്പോള്‍ കളിയിലെ താരമായത് നായകന്‍ വിരാട് കോലിയാണ്. എന്നാല്‍ ബൗളിംഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ മുഹമ്മദ് ഷമിയുടെ മികവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 6.2 ഓവര്‍ മാത്രമെറിഞ്ഞ ഷമി വെറും 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യന്‍ താരത്തിന്‍റെ മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടത്തിലെത്തി ഷമി.  

ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268 റണ്‍സെടുത്തു. നായകന്‍ വിരാട് കോലിയുടെയും എം എസ് ധോണിയുടെയും അര്‍ദ്ധ സെഞ്ചുറികളും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സും ധോണി 61 പന്തില്‍ 56 റണ്‍സും പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സുമെടുത്തു. റോച്ച് മൂന്നും കോട്‌റെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ വിന്‍ഡീസിന്‍റെ പോരാട്ടം 34.2 ഓവറില്‍ 143 റണ്‍സിലൊതുങ്ങി. വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍ 31 റണ്‍സെടുത്ത സുനില്‍ ആംബ്രിസ് ആണ്. ഗെയ്‌ല്‍(6), ഹോപ്(5), ഹെറ്റ്‌മയര്‍(18), ഹോള്‍ഡര്‍(6), ബ്രാത്ത്‌വെയ്റ്റ്(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. റോച്ച് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഷമി നാലും ബുമ്രയും ചാഹലും രണ്ട് വിക്കറ്റ് വീതവും പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്‌ത്തി.  

click me!