
നോട്ടിംഗ്‌ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച വിന്‍ഡീസിന് കയ്യടിച്ചും തോറ്റ പാക്കിസ്ഥാനെ വിമര്‍ശിച്ചും മുന്‍ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഓള്‍റൗണ്ട് മികവിനെ ഏവരും പ്രശംസിക്കുമ്പോള്‍ ആറടിയിലേറെ ഉയരമുള്ള കരീബിയന്‍ ബൗളര്‍മാരുടെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറിയ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കുന്നത്. മൈക്കല്‍ വോണ്‍, ഡീന്‍ ജോണ്‍സ്, വിനോദ് കാംബ്ലി, കെവിന്‍ പീറ്റേര്‍സണ്‍, സഞ്ജയ് മഞ്ജരേക്കര്‍, ബ്രാഡ് ഹോഗ് തുടങ്ങിയവരുടെ ട്വീറ്റുകളിങ്ങനെ.
നോട്ടിംഗ്‌ഹാമില്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(34 പന്തില്‍ 50), നിക്കോളാസ് പുരാന്‍റെ വെടിക്കെട്ടുമാണ്(19 പന്തില്‍ 34) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. ഹോപ്(11), ബ്രാവോ(0), ഹെറ്റ്‌മെയര്‍(7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്.