പലരുടെയും കസേരകള്‍ തെറിക്കും; പൊട്ടിത്തെറികള്‍ക്കിടയില്‍ പാക് ബോര്‍ഡിന്‍റെ യോഗം ഇന്ന്

By Web TeamFirst Published Jun 19, 2019, 8:53 AM IST
Highlights

പാക് ടീം മാനേജ്മെന്‍റിലും സെലക്ഷന്‍ കമ്മിറ്റിയിലും വമ്പന്‍ അഴിച്ചുപണിക്ക് സാധ്യത. പലരുടെയും സ്ഥാനങ്ങള്‍ തെറിക്കും.
 

ലാഹോര്‍: ഇന്ത്യക്കെതിരായ കനത്ത തോൽവി ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അടിയന്തര യോഗം ഇന്ന് ലാഹോറില്‍ ചേരും. പാക് ടീം മാനേജ്മെന്‍റിലും സെലക്ഷന്‍ കമ്മിറ്റിയിലും അഴിച്ചുപണി വേണമെന്ന ആവശ്യം യോഗത്തിൽ ഉയരുമെന്നാണ് സൂചന.

പരിശീലകന്‍ മിക്കി ആര്‍തറിന്‍റെ കരാര്‍ നീട്ടാനിടയില്ല. ബൗളിംഗ് പരിശീലകന്‍ അസ്ഹര്‍ മെഹ്മൂദ്, സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഇന്‍സമാം ഉള്‍ ഹഖ് എന്നിവര്‍ക്കും സ്ഥാനം നഷ്ടമായേക്കും. എന്നാല്‍ ലോകകപ്പിനിടെ മാറ്റം വേണ്ടെന്നും ടൂര്‍ണമെന്‍റിന് ശേഷം മാത്രം പ്രഖ്യാപനങ്ങള്‍ ഉണ്ടായാൽ മതിയെന്നുമാണ് അംഗങ്ങള്‍ക്കിടയിലെ ധാരണയെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഞായറാഴ്ചത്തെ മത്സരത്തിനായി ലണ്ടനിലെത്തിയ പാക് താരങ്ങള്‍ക്ക് ഇന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. 

ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ മഴനിയമം പ്രകാരം 89 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് പാക്കിസ്ഥാന്‍ ടീം വഴങ്ങിയത്. മഴ താറുമാറാക്കിയ കളിയില്‍ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 336-5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു.

click me!