
മാഞ്ചസ്റ്റര്‍: ഓയിന്‍ മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകര്‍ത്താടുകയായിരുന്നു അഫ്‌ഗാനെതിരെ ലോകകപ്പില്‍. മോര്‍ഗന്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ അഫ്‌ഗാന്‍ സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ അടിവാങ്ങിക്കൂട്ടി. ഇതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്കാണ് സമകാലിക ക്രിക്കറ്റിലെ വിസ്‌മയങ്ങളിലൊന്നായ റഷീദ് ഖാന്‍ വഴുതിവീണത്. ഒന്‍പത് ഓവര്‍ എറിഞ്ഞ റഷീദ് വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്.
ലോകകപ്പില്‍ ഒരു താരത്തിന്‍റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണിത്. എന്നാല്‍ ഏകദിനത്തില്‍ ഒരിന്നിംഗ്‌സില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ മോശം റെക്കോര്‍ഡ് തലനാരിഴയ്‌ക്ക് അഫ്‌ഗാന്‍ സ്‌പിന്നര്‍ക്ക് നഷ്ടമായി. റഷീദ് 110 റണ്‍സാണ് വഴങ്ങിയതെങ്കില്‍ 113 റണ്‍സുമായി മൈക്കല്‍ ലെവിസാണ് മുന്നില്‍. പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസും 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ലെവിസും റിയാസും 10 ഓവര്‍ വീതമെറിഞ്ഞാണ് ഇത്രയും റണ്‍സ് വഴങ്ങിയത്.
മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട്, നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വെടിക്കെട്ട് സെഞ്ചുറിയില്‍ കൂറ്റന്‍ സ്‌കോറിലെത്തി. മോര്‍ഗന്‍ 71 പന്തില്‍ 17 സിക്‌സുകള്‍ സഹിതം 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി.