
സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സെഞ്ചുറി തികച്ച ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഇരട്ടി മധുരം. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ രോഹിത് മറികടന്നു. ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് 22 ശതകങ്ങള്‍ നേടിയപ്പോള്‍ രോഹിത് 207 ഏകദിനങ്ങളില്‍ 23-ാം സെഞ്ചുറിയിലെത്തി. ഇതോടെ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(49), വിരാട് കോലി(41) എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.
സതാംപ്‌ടണില്‍ രോഹിത് 10 ഫോറും രണ്ട് സിക്‌സുകളും സഹിതം 128 പന്തില്‍ ശതകം തികച്ചു. രണ്ട് വിക്കറ്റിന് 54 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റുകയായിരുന്നു ഹിറ്റ്മാന്‍റെ ഇന്നിംഗ്‌സ്. റബാഡ അടക്കമുള്ള ബൗളര്‍മാരെ കരുതലോടെ നേരിട്ടാണ് രോഹിത് ക്ലാസിക് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇതിനിടെ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും രോഹിത് രക്ഷയായെത്തി.
മത്സരത്തില്‍ രോഹിതിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്ത്യ ജയത്തോടെ തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വിയാണിത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് ഇന്ത്യ മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്.