
ലണ്ടന്‍: ലോകകപ്പില്‍ ഇതുവരെ പരാജയമൊന്നും വഴങ്ങാതെ മുന്നേറുന്ന ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക്. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് പുറത്തായ താരത്തിന് പകരക്കാരനായി ഋഷഭ് പന്താണ് ടീമില്‍ എത്തിയത്.
ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യക്ക് ഈ ഇടംകൈയ്യന്‍ ഓപ്പണറുടെ പരിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വിജയ് ശങ്കറിനും പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ പകരക്കാരനായി ടീമില്‍ എത്തിയ ഋഷഭ് പന്തില്‍ നിന്ന് വളരേയേറെയാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ ലോകകപ്പില്‍ സെഞ്ചുറി നേടിയ പ്രകടനത്തിന് ശേഷം പരിക്കേറ്റ് പുറത്താകേണ്ട വന്ന ശിഖര്‍ ധവാന് ആശ്വാസവുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍റെ ആശ്വാസ വാക്കുകള്‍.
ഒപ്പം ഋഷഭ് പന്തിനോടും ചില കാര്യങ്ങള്‍ സച്ചിന്‍ പറയുന്നുണ്ട്. മാസ്റ്റര്‍ബ്ലാസ്റ്ററുടെ വാക്കുകള്‍ ഇങ്ങനെ. ''ശിഖര്‍, താങ്കള്‍ക്ക് വേണ്ടി മനസ് വേദനിക്കുന്നുണ്ട്. വലിയ ഒരു ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തിവരുമ്പോള്‍ പരിക്കേറ്റ് പുറത്താവുന്നത് ഹൃദയം തകര്‍ക്കും.
മുമ്പത്തേക്കാള്‍ മികച്ചതായി താങ്കള്‍ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പാണ്. ഋഷഭ്, താങ്കള്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. വലിയ പ്ലാറ്റ്ഫോമുകളില്‍ താങ്കളെ തന്നെ തെളിയിക്കാന്‍ അവസരം ലഭിക്കട്ടെ'' എന്ന് സച്ചിന്‍ കുറിച്ചു.