ആരാധകര്‍ക്ക് ആശ്വാസം; ധവാന്‍റെ കാര്യത്തില്‍ വെളിപ്പെടുത്തലുമായി ഇന്ത്യയുടെ സഹപരിശീലകന്‍

By Web TeamFirst Published Jun 12, 2019, 5:34 PM IST
Highlights

ജൂണ്‍ 13ന് ന്യൂസിലന്‍ഡിനെതിരെ, 16ന് പാക്കിസ്ഥാനെതിരെ, 22ന് അഫ്ഗാനിസ്ഥാനെതിരെ എന്നീ മത്സരങ്ങളാണ് ധവാന് നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുന്നത്. എന്നാല്‍ 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധവാന്‍ തിരിച്ചെത്താനുള്ള സാധ്യതകളാണ് ബംഗാര്‍ പങ്കുവെയ്ക്കുന്നത്

ഓവല്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ന്നേക്കും. ഇന്ത്യയുടെ സഹപരിശീലകനായ സഞ്ജയ് ബംഗാറിന്‍റെ പ്രതികരണമാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. വിരലിന് പരിക്കുള്ള ധവാന്‍ 10-12 ദിവസം കൊണ്ട് കളത്തിലേക്ക് തിരിച്ചെത്താന്‍ സജ്ജനാകുമെന്നാണ് ബംഗാര്‍ പറയുന്നത്.

ജൂണ്‍ 13ന് ന്യൂസിലന്‍ഡിനെതിരെ, 16ന് പാക്കിസ്ഥാനെതിരെ, 22ന് അഫ്ഗാനിസ്ഥാനെതിരെ എന്നീ മത്സരങ്ങളാണ് ധവാന് നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുന്നത്. എന്നാല്‍ 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധവാന്‍ തിരിച്ചെത്താനുള്ള സാധ്യതകളാണ് ബംഗാര്‍ പങ്കുവെയ്ക്കുന്നത്.

എന്തായാലും  ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പകരക്കാരനായി പന്തിന്റെ പേര് പ്രഖ്യാപിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ധവാന്‍ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം തിരിച്ചെത്താനുള്ള സാധ്യതകളാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തുറന്നിടുന്നത്. 

click me!