ലോകകപ്പ് തോല്‍വി; ബാംഗറിന്‍റെ തൊപ്പി തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jul 12, 2019, 12:30 PM IST
Highlights

ഇന്ത്യന്‍ ടീമില്‍ സഹ പരിശീലകനായ സഞ്ജയ് ബാംഗറിന്‍റെ ഭാവിയെ കുറിച്ച് നിര്‍ണായക റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായിരുന്നു. ഇതോടെ കോച്ചിംഗ് സ്റ്റാഫിനെ നീക്കണമെന്ന് ആവശ്യം ഉയര്‍ന്നു. കരാര്‍ അവസാനിച്ചെങ്കിലും രവി ശാസ്ത്രിയുടെ കീഴിലുള്ള പരിശീലക സംഘത്തിന് ലോകകപ്പ് കഴിഞ്ഞ് 45 ദിവസം കൂടി കാലാവധി ബിസിസിഐ അനുവദിച്ചിട്ടുണ്ട്. 

ഇവരില്‍ സഹ പരിശീലകനായ സഞ്ജയ് ബാംഗറിന്‍റെ ഭാവിയെ കുറിച്ച് നിര്‍ണായക റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മേഖലകളില്‍ ടീം കൂടുതല്‍ മികവ് കാട്ടിയെങ്കിലും മധ്യനിരയിലെ ബാറ്റിംഗ് പ്രശ്‌നങ്ങളാണ് ബാംഗറിന് തലവേദന സൃഷ്ടിക്കുന്നത് എന്നാണ് സൂചന. 

മധ്യനിരയില്‍ അടിക്കടിവരുത്തുന്ന മാറ്റങ്ങള്‍ ടീമിനെ കഴിഞ്ഞ കുറച്ച് സീസണുകളില്‍ പ്രതികൂലമായി ബാധിച്ചതായി ഒരു സീനിയര്‍ ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍‌എസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നാലാം നമ്പറിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സഞ്ജയ് ബാംഗറിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം 

പരിശീലകന്‍ രവി ശാസ്ത്രിക്കും സപ്പോര്‍ട്ട് സ്റ്റാഫിനും 45 ദിവസം കൂടി കരാര്‍ നീട്ടി നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ കമ്മറ്റി തീരുമാനിച്ചിരുന്നു. സഹ പരിശീലകന്‍ സഞ്ജയ് ബാംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരാണ് പരിശീലക സംഘത്തിലുള്ളത്. 

click me!