ഇന്ത്യയെ നേരിടാന്‍ ഇറങ്ങും മുമ്പ് അഫ്ഗാന്‍ താരത്തിന്‍റെ പുതിയ തന്ത്രം

By Web TeamFirst Published Jun 20, 2019, 9:15 PM IST
Highlights

വിജയിച്ചില്ലെങ്കില്‍ പോലും ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ സൂപ്പര്‍താരം റാഷിദ് ഘാന്‍ പോലും മോശം ഫോം തുടരുമ്പോള്‍ അഫ്ഗാന്‍ വീര്യം പ്രകടിപ്പിച്ചത് ഹഷ്മത് ഷഹീദിയാണ്

ലണ്ടന്‍: ലോകകപ്പില്‍ ഇതുവരെ പരാജയമൊന്നും വഴങ്ങാതെ മുന്നേറുന്ന ഇന്ത്യക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക്. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് പുറത്തായ താരത്തിന് പകരക്കാരനായി ഋഷഭ് പന്താണ് ടീമില്‍ എത്തിയത്.

ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യക്ക് ഈ ഇടംകൈയ്യന്‍ ഓപ്പണറുടെ പരിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇനി ഇന്ത്യക്ക് അടുത്തത് നേരിടാനുള്ളത് അഫ്ഗാനിസ്ഥാനെയാണ്. ലോകകപ്പില്‍ ഇതുവരെ ഒരുവിജയം പോലും നേടാന്‍ സാധിക്കാത്ത അഫ്ഗാന്‍ നിലവിലെ ഫോമില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഒന്നും ഉയര്‍ത്തുന്നില്ല.

എന്നാലും, ഒരു ടീമിനെയും ചെറുതായി കാണില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ, വിജയിച്ചില്ലെങ്കില്‍ പോലും ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ സൂപ്പര്‍താരം റാഷിദ് ഖാന്‍ പോലും മോശം ഫോം തുടരുമ്പോള്‍ അഫ്ഗാന്‍ വീര്യം പ്രകടിപ്പിച്ചത് ഹഷ്മതുള്ളാഹ് ഷഹീദിയാണ്.

രണ്ട് അര്‍ധ സെഞ്ചുറികള്‍ അടക്കം 165 റണ്‍സ് ഷഹീദി ഇതിനകം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ഷഹീദി ഉപദേശം തേടിയിരിക്കുന്നത് ശ്രീലങ്കയുടെ ഇതിഹാസ താരമായ കുമാര്‍ സംഗക്കാരയില്‍ നിന്നാണ്. ഷഹീദി തന്നെയാണ് സംഗക്കാരയില്‍ വിലമതിക്കാനാവാത്ത ടിപ്സ് ലഭിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഒരാളെ ഇത്രയധികം ശ്രവിച്ചത് തന്‍റെ ഓര്‍മയില്‍ ഇല്ല. ഒരു ഇതിഹാസം സംസാരിക്കുമ്പോള്‍ ഒരു വാക്ക് പോലും നഷ്ടപ്പെടുത്താനാവില്ല. എങ്ങനെയാണ് സംഗക്കാരയില്‍ നിന്ന് ലഭിച്ച ഉപദേശങ്ങള്‍ എന്ന് വിശദീകരിക്കാനാവില്ല. ഒരുപാട് സ്നേഹവും ഒപ്പം ബഹുമാനവുമെന്ന് ഷഹീദി സംഗക്കാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. 
 

click me!