വെറും ജയമല്ല; ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡാണ് ലങ്ക കീശയിലാക്കിയത്!

By Web TeamFirst Published Jun 21, 2019, 11:27 PM IST
Highlights

ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 റണ്‍സിന് അട്ടിമറിച്ച് ലങ്ക ഹീറോയിസം കാട്ടുകയായിരുന്നു.

ലീഡ്‌സ്: ലോകകപ്പിലെ ഇംഗ്ലീഷ് വമ്പിന് മലിംഗയുടെ മിന്നലില്‍ അറുതിവരുത്തി ശ്രീലങ്ക. വമ്പന്‍ സ്‌കോറുകള്‍ പടുത്തുയര്‍ത്തി ശീലിച്ച ഇംഗ്ലണ്ട്, ലങ്കയുടെ ചെറിയ സ്കോര്‍ പോലും മറികടക്കാനാകാതെ ലീഡ‌്‌സില്‍ മുട്ടുകുത്തുകയായിരുന്നു. ജയത്തോടെ നിര്‍ണായക റെക്കോര്‍ഡിനൊപ്പമാണ് ലങ്ക ഇടംപിടിച്ചത്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ജയം(5) നേടുന്ന ടീമായി ശ്രീലങ്ക.

ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 റണ്‍സിന് അട്ടിമറിച്ച് ലങ്ക ഹീറോയിസം കാട്ടുകയായിരുന്നു. ബാറ്റിംഗില്‍ അര്‍ദ്ധ സെഞ്ചുറിയുമായി മാത്യൂസാണ് ലങ്കയുടെ ഹീറോ. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. പൊരുതിയ സ്റ്റോക്‌സ് 82 റണ്‍സുമായി പുറത്താവാതെ നിന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ജോ റൂട്ടാണ്(57) ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റൊരു താരം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറിയുമായി എയ്‌ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ 200 കടത്തിയത്. ഫെര്‍ണാണ്ടോ(49), കുശാല്‍ മെന്‍ഡിസ്(46) എന്നിവരാണ് ലങ്കയുടെ മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി. ജയത്തോടെ ലങ്ക പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

click me!