കേള്‍ക്കുന്നത് പല പേരുകള്‍; ഇന്ത്യക്കു തലവേദനയായി പിന്നെയും ആ നാലാം നമ്പര്‍

By Web TeamFirst Published Jun 12, 2019, 11:48 AM IST
Highlights

ഇപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക് മൂലം രോഹിത് ശര്‍മയോടൊപ്പം കെ എല്‍ രാഹുല്‍ കളിക്കുമ്പോള്‍ പിന്നെയും നാലാം നമ്പര്‍ തലവേദന ഇന്ത്യയ്ക്കു പ്രശ്‌നമാകുന്നു.

ലണ്ടന്‍: നാലാം നമ്പര്‍ എന്നത് ഏറെക്കാലമായി ഏകദിനത്തില്‍ ഇന്ത്യയെ അലട്ടുന്ന കീറാമുട്ടിയാണ്. ലോകകപ്പിന് ഇറങ്ങിയപ്പോള്‍ നാലാം നമ്പറായി കെ എല്‍ രാഹുല്‍ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള മത്സരത്തില്‍ ഹര്‍ദിക്ക് പാണ്ഡ്യയാണ് ഈ റോളില്‍ ഇറങ്ങി കത്തിപ്പടര്‍ന്നത്. ഇപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പരിക്ക് മൂലം രോഹിത് ശര്‍മയോടൊപ്പം കെ എല്‍ രാഹുല്‍ കളിക്കുമ്പോള്‍ പിന്നെയും നാലാം നമ്പര്‍ തലവേദന ഇന്ത്യയ്ക്കു പ്രശ്‌നമാകുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നാലാം നമ്പറില്‍ ഒരു സ്ഥിര സാന്നിധ്യം ഇല്ലാത്തതാണ് ഇന്ത്യയെ കുഴയ്ക്കുന്നത്.

2015 ലോകകപ്പിനു ശേഷം നാലാം നമ്പറില്‍ ഇന്ത്യക്കു വേണ്ടിയിറങ്ങിയത് ആറു പേരാണ്. അതില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും റണ്‍സ് നേടിയതും അമ്പാട്ടി റായ്ഡുവാണ്. 14 ഇന്നിങ്‌സില്‍ നിന്നും ഈ സ്ഥാനത്തു നിന്നും 42.18 ശരാശരിയില്‍ റായ്‌ഡു 464 റണ്‍സ് നേടി. തൊട്ടു പിന്നാലെ 12 മത്സരങ്ങള്‍ കളിച്ച ധോണിയാണുള്ളത്. പിന്നീടുള്ളത് ഒന്‍പത് മത്സരങ്ങള്‍ കളിച്ച അജിങ്ക്യ രഹാനെ. അത്ര തന്നെ മത്സരങ്ങള്‍ ദിനേശ് കാര്‍ത്തിക്കും കളിച്ചു. എന്നാല്‍ രഹാനെ 375 റണ്‍സ് നേടിയപ്പോള്‍ കാര്‍ത്തിക്കിന് 264 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. എട്ടു മത്സരങ്ങള്‍ യുവരാജും ഏഴു മത്സരങ്ങള്‍ മനീഷ് പാണ്ഡെയും കളിച്ചിരിക്കുന്നു. പക്ഷേ, ഒരു കാര്യമുണ്ട്. ഈ ആറു പേരിലും ഏറ്റവും കൂടുതല്‍ റണ്‍സ് ശരാശരി (52.80) കാര്‍ത്തിക്കിനാണ്. ആറു പേരില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും കാര്‍ത്തിക്കിനാണ്. 71.35 മാത്രം. രണ്ട് അര്‍ധസെഞ്ചുറിയും ഉണ്ട്. അതു കൊണ്ടു തന്നെ ഇപ്പോള്‍ ലോകകപ്പ് ടീമിലുള്ള കാര്‍ത്തിക്കിനെ ലോ-ഓര്‍ഡറിലേക്ക് പരിഗണിച്ചു കൊണ്ട് എം എസ് ധോണിയെ നാലാം നമ്പറായി ഇറക്കിയാലും തരക്കേടില്ല. 40.73 ശരാശരിയില്‍ 76.84 സ്‌ട്രൈക്ക് റേറ്റോടെ 583 പന്തില്‍ മൂന്നു ഫിഫ്റ്റി സഹിതം 448 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

സ്ഥിരമായി നാലാം നമ്പറില്‍ കളിക്കേണ്ട ഒരു ബാറ്റ്‌സ്മാന്‍ മധ്യനിരയ്ക്ക് ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടാല്‍. അവിടേക്ക് പാണ്ഡ്യയെ പരിഗണിക്കാന്‍ പറ്റില്ല. പിഞ്ച്ഹിറ്റര്‍ റോളാണ് പാണ്ഡ്യയ്ക്കുള്ളത്. മുന്‍പ് പത്താന്‍ ബ്രദേഴ്‌സിനെ (ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍) ഇന്ത്യ ഉപയോഗിച്ചതു പോലൊരു റോള്‍. അപ്പോള്‍ പിന്നെ ഇപ്പോള്‍ ടീമിലേക്കു കണ്ണും നട്ടിരിക്കുന്ന വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരിലൊരാള്‍ക്കാവും നറുക്കു വീഴുക. ടീം മാനേജ്‌മെന്റ് കൂടുതല്‍ മികവോടെ ചിന്തിച്ചാല്‍ കാര്‍ത്തിക്ക് ടീമിലെത്തും. എന്നാല്‍ ഓള്‍റൗണ്ടര്‍ പരിവേഷത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ പരിചയസമ്പന്നത ഇല്ലെങ്കില്‍ പോലും ശങ്കറിനു തന്നെയാണ് നറുക്കു വീഴുക. അതുമല്ലെങ്കില്‍ രവീന്ദ്ര ജഡേജ എന്ന വമ്പന്‍ അത്ഭുതവും ഒളിഞ്ഞിരിപ്പുണ്ട്. കുല്‍ദീപ് യാദവിനു വിശ്രമം അനുവദിച്ചാല്‍ ജഡേജയ്ക്ക് സാധ്യതയുണ്ട്. ആ നിലയ്ക്ക് തീര്‍ച്ചയായും ശങ്കറാവും ടീമിലേക്ക് വരിക. പ്രത്യേകിച്ചു സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ സാഹചര്യത്തില്‍. കേദാര്‍ ജാദവിനെ കയറ്റികളിപ്പിച്ച് ഈ പ്രശ്‌നത്തിനു താത്ക്കാലിക പരിഹാരവും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

നോട്ടിങ്ഹാമിലെ ട്രന്റ് ബ്രിഡ്ജിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം. മഴ കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്നു പോലും കിവീസ് തോറ്റിട്ടില്ല. അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന്, ബംഗ്ലാദേശിനെ രണ്ടു വിക്കറ്റിന്, ശ്രീലങ്കയെ പത്തു വിക്കറ്റിന് എന്നിങ്ങനെ അവര്‍ തോല്‍പ്പിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയാവട്ടെ അഞ്ചു മത്സരങ്ങളില്‍ ലോകകപ്പിലെ രണ്ടു മത്സരങ്ങള്‍ മാത്രമാണ് ജയിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയോടു നാട്ടില്‍ വച്ചു മൂന്നു മത്സരങ്ങളും തോറ്റിരുന്നു. ന്യൂസിലന്‍ഡിനോടു കളിക്കുമ്പോള്‍ ഇന്ത്യയുടെ നാലാം നമ്പര്‍ വലിയ പ്രശ്‌നമാകില്ലെങ്കിലും തുടര്‍ന്നുള്ള ആറു മത്സരങ്ങളില്‍ അങ്ങനെയല്ല സ്ഥിതി. അതുകൊണ്ടു തന്നെ കോലിയും ശാസ്ത്രിയും തല പുകയ്ക്കുക ഈ നാലാം നമ്പറിനെ ഓര്‍ത്തു തന്നെയാവുമെന്നു വ്യക്തം.

click me!