
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരുടെ പ്രതിഷേധം തുടരുമ്പോള്‍ ഷമി വിവാദത്തിലേക്ക്. ഷമി അയച്ച ഇന്‍സ്റ്റഗ്രാം സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടുമായി സോഫിയ എന്ന യുവതിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചത്.
1.4 മില്ല്യണ്‍ ഫോളോവേഴ്സുള്ള ഷമി എന്തിന് തനിക്ക് മെസ്സേജ് അയക്കണം എന്ന് ചോദിച്ചായിരുന്നു യുവതി രംഗത്തെത്തിയത്. ഇതിനുള്ള ഉത്തരം തനിക്ക് ആരെങ്കിലും പറഞ്ഞുതരണമെന്ന് ചോദിച്ച യുവതി സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.
സ്ക്രീന്‍ഷോട്ട് ചര്‍ച്ചയായതോടെ ഷമിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഗുഡ് ആഫ്റ്റര്‍നൂണ്‍ എന്ന മെസ്സേജ് ഷമി അയച്ചതില്‍ എന്ത് തെറ്റാണുള്ളതെന്നാണ് ആരാധകരുടെ ചോദ്യം. ലോകകപ്പിനിടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള യുവതിയുടെ ശ്രമം മാത്രമാണിതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാനും രംഗത്തെത്തിയിരുന്നു. ടിക് ടോക്കില്‍ ഷമി പിന്തുടരുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നും ഒരു മകളുള്ള കാര്യം ഷമി മറക്കുകയാണെന്നും ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.