ലോകകപ്പില്‍ നാളെ കോലിപ്പട അഫ്ഗാനെതിരെ; വീണ്ടും ശ്രദ്ധ നേടി ഇന്ത്യയുടെ നാലാം നമ്പര്‍

By Web TeamFirst Published Jun 21, 2019, 12:15 PM IST
Highlights

ഇന്ത്യയുടെ നാലാം നമ്പറിൽ ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധവാന് പകരം ഇംഗ്ലണ്ടിലെത്തിയ റിഷഭ് പന്ത് ടീമിന്‍റെ ഭാഗമായിക്കഴിഞ്ഞു. 

ലണ്ടന്‍: ലോകകപ്പിൽ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. സതാംപ്ടണിൽ വൈകിട്ട് മൂന്ന് മുതലാണ് മത്സരം. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായെങ്കിലും സമ്മർദങ്ങളൊന്നുമില്ലാതെയാണ് വിരാട് കോലിയും സംഘവും നാളെ ഇറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വർ കുമാർ പരിശീലനം പുനരാരംഭിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. തോൽവി അറിയാതെ മുന്നേറുന്ന ഇന്ത്യ സെമിഫൈനൽ ലക്ഷ്യമിടുമ്പോള്‍ എല്ലാ കളിയും തോറ്റ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

ഇന്ത്യയുടെ നാലാം നമ്പറിൽ ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധവാന് പകരം ഇംഗ്ലണ്ടിലെത്തിയ റിഷഭ് പന്ത് ടീമിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഇന്നലെ ബാറ്റിംഗ് പരിശീലനത്തിന് അവസാനം അവസരം കിട്ടിയ പന്ത് നാളെ കളിക്കാൻ സാധ്യത കുറവാണ്. സെലക്ടർമാർ നാലാമനായി നിശ്ചയിച്ച വിജയ് ശങ്കർ കാലിന് പരിക്കേറ്റതിനാൽ ഇന്നലെ പരിശീലനം നടത്തിയില്ല.നെറ്റ്സിൽ ജസ്പ്രീത് ബുംറയുടെ യോർക്കർ നേരിടുന്നതിനിടെ കാൽവിരലിന് പരിക്കേൽക്കുകയായിരുന്നു. പരിക്ക് ഗുരതരമല്ലെന്നാണ് നിലവിലെ സൂചന.

പാകിസ്ഥാനെതിരായ മത്സരത്തിനിടെ കാലിലെ പേശികൾക്ക് പരിക്കേറ്റ ഭുവനേശ്വർ കുമാർ അടുത്ത രണ്ട് മത്സരത്തിലും കളിക്കില്ലെങ്കിലും പരിശീലനം പുനരാരംഭിച്ചു. ടീം ഫിസിയോ പാട്രിക് ഫർഹത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. ക്യാപ്റ്റൻ വിരാട് കോലി ഷോർട്ട് ബോളുകൾ നേരിടുന്നതിലും എം എസ് ധോണി സ്പിന്നർമാർക്കെതിരെ കൂറ്റൻ  ഷോട്ടുകൾ പായിക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. ഇന്ന് ഇന്ത്യൻ ടീമിന് നിർബന്ധിത പരിശീലനമില്ല.

click me!