
കാര്‍ഡിഫ്: ബംഗ്ലാദേശ് താരം അബു ജയേദിന്‍റെ 49-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സറടിച്ച് ധോണിയുടെ സ്റ്റൈലന്‍ സെഞ്ചുറി. പ്രായം ഏറിയെന്ന് വിമര്‍ശിക്കുന്നവര്‍ക്കും ലോകകപ്പിന് മുന്‍പ് എതിര്‍ ടീമുകള്‍ക്കും ശക്തമായ താക്കീത്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാ ബൗളര്‍മാരെ തലങ്ങുവിലങ്ങും പായിച്ച് ധോണി വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കുകയായിരുന്നു.
ആറാമനായി ഇറങ്ങിയ ധോണി 78 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 113 റണ്‍സാണെടുത്തത്. അഞ്ചാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം കൂട്ടിച്ചേര്‍ത്ത 164 റണ്‍സ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. ലോകകപ്പിന് മുന്‍പ് ധോണി വെടിക്കെട്ട് കണ്ട് മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷമടക്കാനായില്ല. ആര്‍ പി സിംഗ്, മുഹമ്മദ് കൈഫ് അടക്കമുള്ളവര്‍ മഹിയെ പ്രശംസിച്ച് ട്വിറ്ററില്‍ രംഗത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തപ്പോള്‍ ധോണി 113ല്‍ പുറത്തായി. കോലി(47) ഹാര്‍ദിക് (11 പന്തില്‍ 22 റണ്‍സ്) എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി.