ധോണിയുടെ തന്ത്രം ഡുപ്ലെസി അടിച്ച് മാറ്റിയോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു

By Web TeamFirst Published Jun 1, 2019, 9:13 PM IST
Highlights

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ് താഹിറിനെ പന്തേല്‍പിച്ച് അമ്പരപ്പിക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌‌റ്റോയെ പുറത്താക്കി താഹിര്‍ ഞെട്ടിച്ചു

ഓവല്‍:  ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ആദ്യ ഓവറില്‍ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിനെ തേടിയെത്തിയത് അപൂര്‍വ്വ റെക്കോര്‍ഡ് ആണ്.  ലോകകപ്പില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ആദ്യ സ്‌പിന്നറാണ് താഹിര്‍. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലസിസ് താഹിറിനെ പന്തേല്‍പിച്ച് അമ്പരപ്പിക്കുകയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍‌‌സ്റ്റോയെ പുറത്താക്കി താഹിര്‍ ഞെട്ടിച്ചു. താഹിറിന്‍റെ ഗൂഗ്ലിയുടെ ദിശ മനസിലാക്കാന്‍ പ്രയാസപ്പെട്ട ബെയര്‍‌സ്റ്റോ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും  ദക്ഷിണാഫ്രിക്കന്‍ നായകന്‍റെ താഹിറിന് ആദ്യ ഓവര്‍ നല്‍കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായി മാറി.

ഇപ്പോള്‍ ആ ചര്‍ച്ച മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രം ഡുപ്ലെസി അടിച്ച് മാറ്റിയതാണോ അതോ കണ്ടു പഠിച്ചതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീം നായാകനായിരുന്നപ്പോള്‍ പല വട്ടം ആര്‍ അശ്വിനെല്ലാം ആദ്യ ഓവര്‍ നല്‍കി ധോണി എതിര്‍ ടീമുകളെ ഞെട്ടിച്ചിട്ടുണ്ട്.

ഒപ്പം ചെന്നെെ സൂപ്പര്‍ കിംഗ്സില്‍ താഹിറ് ആദ്യ ഓവര്‍ നല്‍കിയുള്ള പരീക്ഷണങ്ങളും ധോണി നടത്തിയിരുന്നു. അപ്പോള്‍ അതേ ടീം അംഗമായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ധോണിയുടെ തന്ത്രം പകര്‍ത്തിയോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

എന്നാല്‍, 1992 ലോകകപ്പില്‍ രണ്ടാം ഓവറില്‍ ഓഫ് സ്‌പിന്നര്‍ ദീപക് പട്ടേലിനെ പന്തേല്‍പിച്ച് ന്യൂസീലന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണ് ക്രിക്കറ്റ് ലോകത്തെ ശരിക്കും അമ്പരപ്പിച്ചത്. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലായിരുന്നു ഈ സംഭവം. അന്ന് മത്സരം 37 റണ്‍സിന് കിവീസ് ജയിക്കുകയും ചെയ്തു.  

click me!