
ദില്ലി: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിനെ കണക്കിന് കളിയാക്കി ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെക്കാള്‍ കഷ്ടം എന്ന തരത്തിലാണ് പാക് ടീമിലെ ആരാധകര്‍ ട്രോള്‍ ചെയ്യുന്നത്.
ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. നോട്ടിംഗ്‌ഹാമില്‍ പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്.
നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്. നോട്ടിംഗ്‌ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. ഫഖറിനൊപ്പം ഓപ്പണറായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സില്‍ മടങ്ങി.
നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായി. തോല്‍വിക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. മുന്‍ ലോകകപ്പ് നായകന്‍റെ ട്വീറ്റാണ് ആരാധകരെ മത്സരശേഷം ചൊടിപ്പിച്ചത്.
"മത്സരത്തിന് മുന്‍പ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് എന്‍റെ ഉപദേശം ഇതാണ്. 100 ശതമാനം ആത്‌മാര്‍ത്ഥതയോടെ കളിക്കുക. അവസാന പന്ത് വരെ പോരാടുക, തോല്‍ക്കുമെന്ന ഭയം ഒരിക്കലും മനസില്‍ കടന്നുവരാതിരിക്കട്ടെ. പാക്കിസ്ഥാന്‍ ജനതയുടെ എല്ലാ പ്രാര്‍ത്ഥനകളും പിന്തുണയും സര്‍ഫറാസിനും ടീമിനും ഉണ്ട്"- ഇതായിരുന്നു ഇമ്രാന്‍റെ ട്വീറ്റ്.