ടോസ് നേടുന്നവര്‍ ബാറ്റിംഗോ ബൗളിംഗോ; ഫൈനലിലെ സാധ്യതകളിങ്ങനെ

By Web TeamFirst Published Jul 13, 2019, 7:08 PM IST
Highlights

സെമിയിൽ മാത്രമല്ല, ഈ ലോകകപ്പിൽ മിക്ക നായകന്‍മാരുടെയും തന്ത്രം ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ നേടുക എന്നതായിരുന്നു.

ലണ്ടന്‍: ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലിൽ ടോസ് നേടുന്ന ടീം എന്ത് തീരുമാനം എടുക്കും. ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെ അഭിപ്രായം. ലോകകപ്പ് ചരിത്രവും ഈ ലോകകപ്പിലെ മത്സരങ്ങളും പരിഗണിച്ചാല്‍ ഈ നിഗമനത്തില്‍ കാര്യമുണ്ട് എന്ന് വ്യക്തമാകും.

സെമിയിൽ മാത്രമല്ല, ഈ ലോകകപ്പിൽ മിക്ക നായകന്‍മാരുടെയും തന്ത്രം ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ നേടുക എന്നതായിരുന്നു. ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ വേഗം കുറയുന്ന പിച്ചിൽ എതിരാളിയെ എറിഞ്ഞിടുക. ഫൈനലിലെ സമ്മർദം കണക്കിലെടുത്ത് ലോർഡ്സിലും ഇതേ തന്ത്രമാവും നായകന്‍മാരുടെ മനസിൽ.

ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് ഈ ലോകകപ്പിൽ ജയസാധ്യത കൂടുതൽ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 20ൽ പതിനാല് മത്സരങ്ങളിലും ടീമുകൾ ജയിച്ചു. എന്നാൽ ബൗൾ ചെയ്യാനാണ് തീരുമാനമെങ്കിൽ ജയസാധ്യത 43 ശതമാനം മാത്രം. ലോകകപ്പുകളുടെ ഫൈനലുകളിലും ആദ്യം ബാറ്റ് ചെയ്തവർക്കാണ് കൂടുതൽ ജയം. 11 ലോകകപ്പുകളിൽ നാലിൽ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്തവർക്ക് ജയിക്കാനായത്.

ഫൈനൽ നടക്കുന്ന ലോഡ്സിൽ ഈ ലോകകപ്പിൽ നടന്ന എല്ലാ മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. ലോഡ്സിൽ നടന്ന ലോകകപ്പ് ഫൈനലുകളിൽ നാലിൽ മൂന്നിലും കിരീടമുയർത്തിയതും ആദ്യം ബാറ്റ് ചെയ്ത ടീമുകൾ. കണക്കുകൾ ഇങ്ങനെയാണെങ്കിലും ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

click me!