വെറുക്കപ്പെട്ടവരില്‍ നിന്ന് വിരനായകരാവാന്‍ വാര്‍ണറും സ്മിത്തും ഇന്നിറങ്ങുന്നു

By Web TeamFirst Published Jun 1, 2019, 12:47 PM IST
Highlights

ഐപിഎല്ലില്‍ ഹൈദരാബാദിനായുള്ള റൺവേട്ടയോടെ സാക്ഷാൽ സച്ചിന്‍ പോലും ലോകകപ്പില്‍ കാണാനാഗ്രഹിക്കുന്ന
താരവുമായി വാര്‍ണര്‍.

ബ്രിസ്റ്റോള്‍: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഇന്ന് ഓസ്ട്രേലിയക്കായി ഏകദിനത്തിനിറങ്ങും. പന്തുചുരണ്ടല്‍ വിവാദത്തില്‍ പെട്ട വാര്‍ണറെയും സ്മിത്തിനെയും ഇംഗ്ലണ്ടിലെ കാണികള്‍ കൂവി പരിഹസിക്കരുതേയെന്ന അഭ്യര്‍ത്ഥനയാണ് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ക്കുള്ളത്.

വെറുക്കപ്പെട്ടവരില്‍നിന്ന് വീരനായകരിലേക്കുള്ള യാത്രയ്ക്കൊരുങ്ങി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. പന്തുചുരണ്ടൽ വിവാദത്തിന് പിന്നാലെ ടീമിലൊറ്റപ്പെട്ട വാര്‍ണര്‍ക്ക് ദേശീയകുപ്പായത്തിലേക്കൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചവര്‍ വിരളം.എന്നാൽ ഓസ്ട്രേലിയന്‍ ടീമിന്‍റെ തകര്‍ച്ച വാര്‍ണറിന് നേട്ടമായി.  

ഐപിഎല്ലില്‍ ഹൈദരാബാദിനായുള്ള റൺവേട്ടയോടെ സാക്ഷാൽ സച്ചിന്‍ പോലും ലോകകപ്പില്‍ കാണാനാഗ്രഹിക്കുന്ന താരവുമായി വാര്‍ണര്‍. വാര്‍ണറുടെ സാന്നിധ്യം ഓസീസിനെ അപകടകാരികളാക്കുന്നുവെന്ന് ഐപിഎല്ലില്‍ സണ്‍ റൈസേഴ്സ് ടീമില്‍ ഒപ്പം കളിച്ച മലയാളി താരം ബേസില്‍ തമ്പിയും പറയുന്നു.

ടൂര്‍ണമെന്റിന്‍റെ താരം സ്മിത്ത് ആയാല്‍ അതിശയിക്കേണ്ടതില്ലെന്നാണ് രാജസ്ഥാൻ റോയല്‍സില്‍ ഒപ്പം കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ പറയുന്നത്.  എന്നാല്‍ ആഷസ് അടുത്തെത്തി നിൽക്കെ വാര്‍ണറിനെയും സ്മിത്തിനെയും തോണ്ടാനുള്ള അവസരം ഇംഗ്ലീഷുകാര്‍ പാഴാക്കില്ലെന്ന് ഓസ്ട്രേലിയന്‍ ടീമിന് അറിയാം.

അതുകൊണ്ടാണ് ഇരുവരെയും വെറുതെ വിടണമെന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ കാണികളോട് അഭ്യര്‍ത്ഥിച്ചത്. 14 മാസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ നായകന്‍ ഫിഞ്ചിന്‍റെ ഓപ്പണിംഗ് പങ്കാളി കൂടിയാണ് വാര്‍ണര്‍.

click me!