
ലണ്ടന്‍: കമന്ററി ബോക്സില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മൂന്ന് കളിക്കാര്‍ ആരൊക്കെയെന്ന് തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഈ ലോകകപ്പില്‍ താന്‍ കാണാനാഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലും ഏറ്റുമുട്ടിയപ്പോഴാണ് സച്ചിന്‍ കമന്ററി ബോക്സില്‍ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ടത്. ലോകകപ്പില്‍ എതിരാളികളെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് റഷീദ് ഖാനെന്ന് സച്ചിന്‍ വ്യക്തമാക്കി. ട്വന്റി-20 ഫോര്‍മാറ്റില്‍ പോലും അധികം റണ്‍സ് വഴങ്ങാതെ വിക്കറ്റെടുക്കാന്‍ കഴിവുള്ള റഷീദ് ഖാന് ഏകദിനങ്ങളില്‍ അതില്‍ക്കൂടുതല്‍ മികവ് കാട്ടാനാകും.
ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ അകര്‍ഷിക്കുന്ന ബാറ്റ്സ്മാന്‍മാരിലൊരാള്‍ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. ഐപിഎല്ലില്‍ വാര്‍ണര്‍ പുറത്തെടുത്ത പ്രകടനം തന്നെയാണ് അതിന് കാരണം. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗും ഞാന്‍ കാണാനാഗ്രഹിക്കുന്നു. നിര്‍ണായകസമയത്ത് വിക്കറ്റെടുക്കാനും റണ്‍സ് വഴങ്ങാതെ പന്തെറിയാനും ഇംഗ്ലണ്ട് ആര്‍ച്ചറുടെ സേവനം തേടുമെന്ന് ഉറപ്പാണെന്നും സച്ചിന്‍ പറഞ്ഞു.