
ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ന്യൂസിലന്‍ഡ് നാലാം ജയം ആഘോഷിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെ അപരാജിത സെഞ്ചുറിയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ റോസ് ടെയ്‌ലറും മാര്‍ട്ടിന്‍ ഗപ്ടിലുമെല്ലാം തോറ്റു മടങ്ങിയപ്പോഴും വില്യംസണ്‍ തല ഉയര്‍ത്തി നിന്നു. ഭാഗ്യം ധീരന്‍മാരെ തുണക്കുമെന്ന ചൊല്ല് പോലെ ഇടക്ക് ഇമ്രാന്‍ താഹിറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് വില്യംസണെ പിടികൂടിയിരുന്നുവെങ്കിലും അപ്പീല്‍ ചെയ്യാത്തതിനാല്‍ ഔട്ട് ആയില്ല.
റീപ്ലേകളില്‍ വില്യംസണിന്റെ ബാറ്റില്‍ തട്ടിയാണ് പന്ത് ഡീ കോക്കിന്റെ ഗ്ലൗസില്‍ എത്തിയതെന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കയടെ സെമി സാധ്യതകള്‍ ഏതാണ്ട് അടച്ച വില്യംസണിന്റെ മികവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകമിപ്പോള്‍.
സമ്മര്‍ദ്ദഘട്ടത്തില്‍ ഏത് ടീമും ആഗ്രഹിക്കുന്ന കളിക്കാരനാണ് വില്യാസണനെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ വ്യക്തമാക്കി. വില്യാംസണ് മാത്രം കഴിയുന്നത് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്. അസാമാന്യ മികവും ശാന്തതയും ഒത്തുചേര്‍ന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്സെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ചാമ്പ്യന്‍ ക്രിക്കറ്ററായ വില്യംസണ്‍ സമകാലീന ക്രിക്കറ്റിലെ ശാന്തരായ ക്രിക്കറ്റര്‍മാരില്‍ ധോണിക്ക് തുല്യനാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞു.