
സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത് ജസ്പ്രീത് ബൂമ്രയുടെ അതിവേഗ പന്തുകളായിരുന്നു. ഹാഷിം അംലയെ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ബൂമ്ര ലോകപ്പിലെ തന്റെ അരങ്ങേറ്റം അതിഗംഭീരമാക്കിയത്. തന്റെ രണ്ടാം ഓവറിലായിരുന്നു ഇത്.
തൊട്ടു പിന്നാലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹതാരമായ ക്വിന്റണ്‍ ഡീകോക്കിനെ സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ബൂമ്ര ദക്ഷിണാഫ്രിക്കയുടെ തലയറുത്തു. 17 പന്തില്‍ 10 റണ്‍സായിരുന്നു ഡികോക്കിന്റെ സമ്പാദ്യം.
ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്തില്‍ ഡ്രൈവിന് ശ്രമിച്ച ഡീകോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോലി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തിരിച്ചുവരവിന് ശ്രമിച്ച ദക്ഷിണാഫ്രിക്കയുടെ മധ്യനിര തകര്‍ത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്നായിരുന്നു.