
ലണ്ടന്‍: ലോകകപ്പ് ആവേശം വാനോളമുയര്‍ന്നു കഴിഞ്ഞു. ടീമുകളും ക്രിക്കറ്റ് ആരാധകരും ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീം ആരാധകര്‍ ഒരല്‍പ്പം നിരാശയിലാണ്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച് ഏകദേശം ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരേയും ആരാധകരുടെ പ്രിയപ്പെട്ട ഇന്ത്യന്‍ ടീം കളിക്കളത്തിലേക്ക് ഇറങ്ങിയിട്ടില്ലെന്നതാണ് കളി ആരാധകരെ നിരാശരാക്കുന്നത്. ലോകകപ്പില്‍ കരയ്‌ക്കിരുന്ന് കളി കാണുകയാണ് ഇന്ത്യന്‍ ടീമെന്നാണ് വിമര്‍ശനം.
മെയ് 30 നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചത്. മറ്റ് ടീമുകള്‍ ഒരു മത്സരമെങ്കിലും കളിച്ചപ്പോള്‍ ഇന്ത്യ കളിക്കളത്തിലിറങ്ങിയിട്ടില്ല. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. എന്നാല്‍ അതേ സമയം ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മാച്ചാണ് നാളത്തേത്. ഇന്ത്യ ഗ്രൗണ്ടിലിറങ്ങുമ്പോഴേക്കും ഇംഗ്ലണ്ടും പാകിസ്ഥാനും ശ്രീലങ്കയും അഫാനിസ്ഥാനും രണ്ടു കളികള്‍ പൂര്‍ത്തിയാക്കും.
ലോകകപ്പില്‍ ജൂണ്‍ 2 ന് ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബിസിസിഐ ഇടപെട്ട് ഇത് മാറ്റുകയായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പ് തുടങ്ങിയിട്ട് ഇത്രയേറെ നാള്‍ കാത്തിരിക്കേണ്ടി വരുന്നത് കളി ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാക്കിയത്. ഇന്ത്യന്‍ ടീം കളിക്കളത്തിലിറങ്ങാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായ ട്രോളുകളാണ് പ്രചരിക്കപ്പെടുന്നത്.