ലോകകപ്പിലെ ആദ്യ സെഞ്ചുറി ഇത്തവണയും ആതിഥേയര്‍ക്ക്; ചരിത്രം ആവര്‍ത്തിക്കുമോ ?

By Web TeamFirst Published Jun 4, 2019, 12:37 PM IST
Highlights

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ സെഞ്ചുറി നേടിയത് ആതിഥേയ രാജ്യത്തെ താരങ്ങളായിരുന്നു. അവര്‍തന്നെ കപ്പും കൊണ്ടുപോവുകയും ചെയ്തു.

ട്രെന്റ്ബ്രിഡ്ജ്: ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിന് സ്വന്തം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ സെഞ്ച്വറി നേടിയത് ഇതുപോലെ ആതിഥേയ രാജ്യത്തിലെ കളിക്കാരായിരുന്നു. അവരുടെ ടീമാണ് കിരീടം നേടിയതും.  2015ല്‍ ആദ്യ സെഞ്ച്വറി ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിന്റെ വകയായിരുന്നെങ്കില്‍  2011ല്‍ ആദ്യ സെഞ്ച്വറി ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്നു.

ഈ ലോകകപ്പില്‍ ആറാം മത്സരം വരെ കാത്തിരിക്കേണ്ടിവന്നു സെഞ്ച്വറി പിറക്കാൻ. പാകിസ്ഥാനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 97 പന്തിലാണ് ജോ റൂട്ട് 100ലെത്തിയത്.  107 റണ്‍സിന് റൂട്ട് പുറത്തായി. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ജോസ് ബട്‍ലറും സെഞ്ച്വറി തികച്ചു. എങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

കഴിഞ്ഞ തവണ ഓസ്ട്രേലിയയിലും ന്യുസീലൻഡിലുമായിട്ടായിരുന്നു ലോകകപ്പ് നടന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ച്വറി. അന്ന് 128 പന്തില്‍ 135 റണ്‍സാണ് ഫിഞ്ച് അടിച്ചകൂട്ടിയത്. 111 റണ്‍സിന് ആതിഥേയരായ ഓസീസ് ജയിക്കുകയും ചെയ്തു. ഒടുവില്‍ ലോകകപ്പും സ്വന്തമാക്കി.

2011ല്‍ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം സംയുക്ത ആതിഥേയരായിരുന്നു ബംഗ്ലാദേശ്. ബംഗ്ലാദേശിനെതിരെ ധാക്കയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അടിച്ചുകൂട്ടിയത് 370 റണ്‍സ്. കരുത്തായത് വിരേന്ദര്‍ സെവാഗിന്‍റെ 175 റണ്‍സ്. അന്ന് മത്സരം ഇന്ത്യ 87 റണ്‍സിന് ജയിച്ചു. ഒടുവില്‍ ലോകകപ്പും സ്വന്തമാക്കി. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ. ആദ്യ സെഞ്ച്വറി നേടിയ ജോ റൂട്ടിന്‍റെ ഇംഗ്ലണ്ടിന് കിരീടം സ്വന്തമാക്കുമോ?

click me!