ലോകകപ്പിന്റെ തുടക്കത്തില്‍ ആരാകും ആദ്യം 500 റണ്‍സ് അടിക്കുന്ന ആദ്യ ടീമെന്നായിരുന്ന പ്രധാന ചര്‍ച്ചാ വിഷയം.ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ വമ്പന്‍ സ്കോറുകളായിരുന്നു ഇതിന് കാരണമായത്.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടീമുകള്‍ നെഞ്ചിടിപ്പിലാണ്.എതിരാളികളുടെ കരുത്തിനേക്കാളുപരി തങ്ങളുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത ടോസ് ആണ് സെമി ഉറപ്പിച്ച ടീമുകളുടെയെല്ലാം നെഞ്ചിടിപ്പ് കൂട്ടുന്നത്. ലോകകപ്പ് അവസാനത്തോട് അടുക്കുമ്പോള്‍ ഇംഗ്ലണ്ടിലെ പിച്ചുകളുടെ കാര്യത്തിലുണ്ടായ കാര്യമായ മാറ്റമാണ് ടോസ് ജയിക്കുന്ന ടീമുകള്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചിന്റെ സ്വഭാവമാറ്റം ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.
ലോകകപ്പില്‍ ഇതുവരെ പൂര്‍ത്തിയായ 36 മത്സരങ്ങളില്‍ 23 എണ്ണവും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ്. 13 മത്സരങ്ങളില്‍ രണ്ടാത് ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചു. ഇതില്‍ നാലു തവണ ടോസ് നഷ്ടമായശേഷവും രണ്ടാമത് ബാറ്റ് ചെയ്ത് ജയിച്ചു കയറിയതാണെങ്കില്‍ ബാക്കി ഒമ്പത് തവണ ടോസ് നേടിയ ടീം ബൗളിംഗ് അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രണ്ടാമത് ബാറ്റിംഗ് തെരഞ്ഞെടുത്തശേഷം ജയിച്ചു കയറുകയായിരുന്നു. എന്നാല്‍ ഇതില്‍ നാലെണ്ണവും ടൂര്‍ണമെന്റില്‍ മോശം ഫോമിലായിരുന്ന അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും എതിരെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ലോകകപ്പിന്റെ തുടക്കത്തില്‍ ആരാകും ആദ്യം 500 റണ്‍സ് അടിക്കുന്ന ആദ്യ ടീമെന്നായിരുന്ന പ്രധാന ചര്‍ച്ചാ വിഷയം.ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ വമ്പന്‍ സ്കോറുകളായിരുന്നു ഇതിന് കാരണമായത്. ആതിഥേയരായ ഇംഗ്ലണ്ട് 350ന് മുകളിലുള്ള വിജയലക്ഷ്യങ്ങള്‍പോലും അനായാസം പിന്തുടര്‍ന്നു ജയിക്കുന്നതാണ് ആരാധകര്‍ കണ്ടത്. ടൂര്‍ണമെന്റിന്റെ തുടക്കത്തിലും പിന്തുടര്‍ന്ന് ജയിക്കുക എന്നത് അത്ര ആയാസകരമായിരുന്നില്ല. എന്നാല്‍ ഈ ലോകകപ്പില്‍ ഇതുവരെ ഒരു ടീമും 400 റണ്‍സ് പോലും അടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ നേടിയ 397/6 ആണ് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ലോകകപ്പിനിടെയുണ്ടായ കനത്ത മഴക്കുശേഷം ഇംഗ്ലണ്ടിലെ പിച്ചുകള്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് അത്ര നല്ല ഫലമല്ല നല്‍കുന്നതെന്ന് മത്സരഫലങ്ങള്‍ നോക്കിയാല്‍ വ്യക്തമാവും. ചേസിംഗില്‍ മിടുക്ക് കാട്ടിയിട്ടുള്ള ഇന്ത്യ ഈ ലോകകപ്പില്‍ രണ്ട് കളികളില്‍ മാത്രമാണ് റണ്‍സ് പിന്തുടര്‍ന്നത്. ഇതില്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ചു കയറിയെങ്കിലും ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടന്ന കളിയില്‍ ഇന്ത്യ തോറ്റു. രണ്ടാം ഇന്നിംഗ്സിന്റെ അവസാനമാവുമ്പോഴേക്കും പിച്ച് സ്ലോ ആവുന്നത് ബാറ്റിംഗിനെ ബാധിക്കുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടിയാല്‍ അത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുകളില്‍ അധിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.
ഇന്നലെ നടന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരവും ഇതിന് മികച്ച ഉദാഹരണമാണ്. ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും പിച്ചിന്റെ സ്വഭാവം മാറിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 305ല്‍ അവസാനിച്ചു. കീവിസ് മറുപടിയാകട്ടെ 186ല്‍ ഒതുങ്ങി. പിച്ചിന്റെ സ്വഭാവമാറ്റം കണക്കിലെടുത്ത് ബൗളര്‍മാര്‍ ബുദ്ധിപൂര്‍വം സ്ലോ ബോളുകള്‍ എറിയാന്‍ തുടങ്ങുന്നതും സ്കോറിംഗിനെ ബാധിക്കുന്നുണ്ട്.
സെമിഫൈനലിലും ഫൈനലിലും ടോസ് നിര്‍ണായക ഘടകമാകുമെന്നതിന്റെ സൂചന തന്നെയണ് ഈ മത്സരഫലങ്ങളെല്ലാം തെളിയിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീം അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞില്ലെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിച്ചു കയറാന്‍ ശരിക്കും വിയര്‍പ്പൊഴുക്കേണ്ടിവരും.