മഞ്ഞയിലാണു കാര്യം, ജേഴ്‌സിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ലങ്ക

By Web TeamFirst Published Jun 28, 2019, 1:56 PM IST
Highlights

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ഇനി മൂന്നു മത്സരങ്ങള്‍ കൂടിയുണ്ട്. മൂന്നും നല്ല റണ്‍റേറ്റില്‍ ജയിച്ചു കയറിയാല്‍ സെമി സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരേ നേടിയ ജയമാണ് ശ്രീലങ്കയെ മോഹിപ്പിക്കുന്നത്.

മാഞ്ചസ്റ്റര്‍: മഞ്ഞയോട് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഇപ്പോള്‍ വല്ലാത്തൊരു അഭിനിവേശമാണ്. കാരണം മറ്റൊന്നുമല്ല. 233 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ 212 റണ്‍സിന് എറിഞ്ഞിടാന്‍ കഴിഞ്ഞതിനു പിന്നില്‍ രണ്ടാം ജേഴ്‌സിയിലിറങ്ങിയതിന്റെ ഗുണം കൊണ്ടാണെന്നു ക്യാപ്റ്റന്‍ കരുണരത്‌നെയും വിശ്വസിക്കുന്നു. കരുണരത്‌ന മാത്രമല്ല, മുന്‍ ക്യാപ്റ്റന്മാരായ എയ്ഞ്ചലോ മാത്യൂസിനും ലസിത് മലിംഗയ്ക്കും മഞ്ഞ ജേഴ്‌സി ഇനി മതിയെന്ന അഭിപ്രായമാണ്. ഇരുവരുടെയും മികവിലാണ് ഇംഗ്ലീഷുകാരെ തല്ലിയോടിക്കാന്‍ കഴിഞ്ഞതെന്നതു കൊണ്ട് ഇവരുടെ അഭിപ്രായത്തിന് ടീം മാനേജ്‌മെന്റും വില കല്‍പ്പിക്കുന്നു.

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ഇനി മൂന്നു മത്സരങ്ങള്‍ കൂടിയുണ്ട്. മൂന്നും നല്ല റണ്‍റേറ്റില്‍ ജയിച്ചു കയറിയാല്‍ സെമി സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരേ നേടിയ ജയമാണ് ശ്രീലങ്കയെ മോഹിപ്പിക്കുന്നത്. പുതിയ ജേഴ്‌സിയില്‍ ഒളിഞ്ഞിരുന്ന ഭാഗ്യവും തുണച്ചതു കൊണ്ടാണത്രേ ഇംഗ്ലണ്ടിനെ തറപറ്റിക്കാന്‍ കഴിഞ്ഞത്. ഇന്നു മാത്രമല്ല, ശേഷിക്കുന്ന രണ്ടു മത്സരങ്ങളും മഞ്ഞ ജേഴ്‌സിയില്‍ കളിക്കാനുള്ള തീരുമാനത്തിലാണ് ശ്രീലങ്ക.

ഔദ്യോഗിക ജേഴ്‌സിക്കു പുറമേ ഒരു രണ്ടാം ജേഴ്‌സി കൂടി ഓരോ ടീമിനും തെരഞ്ഞെടുക്കാം. എന്നാല്‍ അതിന് ഐസിസി അംഗീകാരം വേണമെന്നു മാത്രം. അതു കൊണ്ടു ശ്രീലങ്ക ഐസിസി മുന്‍പാകെ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും ഐസിസി അത് അംഗീകരിക്കാന്‍ പ്രാര്‍ത്ഥിക്കുകയുമായിരുന്നു. സാധാരണ ഗതിയില്‍ അത് ഐസിസി പരിഗണിക്കുക കൂടിയില്ലാത്തതാണ്. ഇപ്പോഴിതാ, അത്ഭുതം സംഭവിച്ചിരിക്കുന്നു. ഐസിസി പറയുന്നു, മഞ്ഞ ജേഴ്‌സിയില്‍ ഇനി ശ്രീലങ്കയ്ക്ക് കളിക്കാം.

ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നിര്‍ണായക മത്സരമാണ്. സെമി സാധ്യത നഷ്ടപ്പെട്ടുവെന്നുറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ജയിച്ചാലും തോറ്റാലും ഒന്നും സംഭവിക്കാനില്ലെങ്കിലും ശ്രീലങ്കയെ സംബന്ധിച്ച് അങ്ങനെയല്ല. എന്തു വില കൊടുത്തും ജയിച്ചേ തീരു. അതു കൊണ്ടു തന്നെ ഭാഗ്യജേഴ്‌സിയായ മഞ്ഞയില്‍ ഒരിക്കല്‍ കൂടി അവര്‍ ഇന്നിറങ്ങുന്നു. പിന്നീട് വെസ്റ്റിന്‍ഡീസിനെതിരേയും ഇന്ത്യയ്ക്കുമെതിരേയാണ് ശേഷിച്ച മത്സരങ്ങള്‍. ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ കഴിഞ്ഞാല്‍ ശേഷിച്ച മത്സരങ്ങളും അവര്‍ മഞ്ഞ ജേഴ്‌സിയില്‍ തന്നെയാവും കളത്തിലിറങ്ങുക.

click me!