അവസാനിക്കാത്ത തുടര്‍ തോല്‍വികള്‍; പാക്കിസ്ഥാന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Web TeamFirst Published May 31, 2019, 7:06 PM IST
Highlights

ഈ വര്‍ഷം ജനുവരി 30 മുതല്‍ ഏകദിനത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ പാക്കിസ്ഥാന് ആയിട്ടില്ല.  

നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ നാണംകെട്ട തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് നാണക്കേടിന്‍റെ റെക്കോര്‍ഡും. ഏകദിനത്തില്‍ ആദ്യമായാണ് പാക്കിസ്ഥാന്‍ തുടര്‍ച്ചയായി 11-ാം തോല്‍വികള്‍ വഴങ്ങുന്നത്. ഈ വര്‍ഷം ജനുവരി 30 മുതല്‍ ഏകദിനത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ പാക്കിസ്ഥാന് ആയിട്ടില്ല.  

നോട്ടിംഗ്‌ഹാമില്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(34 പന്തില്‍ 50), നിക്കോളാസ് പുരാന്‍റെ വെടിക്കെട്ടുമാണ്(19 പന്തില്‍ 34) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. ഹോപ്(11), ബ്രാവോ(0), ഹെറ്റ്‌മെയര്‍(7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

നേരത്തെ, വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 

click me!