2017ലെ ആ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടിയേ മതിയാകൂ..!

By Web TeamFirst Published Jun 16, 2019, 10:53 AM IST
Highlights

മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയാൽ അതിനനുസരിച്ച് ടീമിൽ മാറ്റം വരുത്തിയാകും ടീം ഇറങ്ങുക. സാധാരണ മത്സരമെന്ന പോലെയാണ് പാകിസ്ഥാനെതിരായ പോരാട്ടത്തെ സമീപിക്കുന്നതെന്ന് വിരാട് കോലി ആരാധകര്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു

മാഞ്ചസ്റ്റര്‍: 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോടേറ്റ തോൽവിയിൽ നിന്ന് പാഠം പഠിച്ചാകും ഇന്ത്യ പോരിന് ഇറങ്ങുക. ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉറപ്പിച്ച് ഫൈനലിനിറങ്ങിയ ഇന്ത്യയെ അപ്രതീക്ഷിതമായി തടയുകയായിരുന്നു പാകിസ്ഥാന്‍. രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരില്‍ ഒരാള്‍ നിറം മങ്ങിയതോടെ പാക് ബാറ്റിംഗ് നിര കുതിച്ചു.

ഒരിക്കലും പ്രതീക്ഷാതെ വന്ന ആ തോല്‍വിക്ക് പ്രതികാരം ഇന്ന് ഇംഗ്ലീഷ് മണ്ണില്‍ തന്നെ ചെയ്യാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയാൽ അതിനനുസരിച്ച് ടീമിൽ മാറ്റം വരുത്തിയാകും ടീം ഇറങ്ങുക. സാധാരണ മത്സരമെന്ന പോലെയാണ് പാകിസ്ഥാനെതിരായ പോരാട്ടത്തെ സമീപിക്കുന്നതെന്ന് വിരാട് കോലി ആരാധകര്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യ മൂന്നാമതൊരു പേസറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ എങ്കില്‍ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷമിയും കളത്തിലിറങ്ങും. ചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയെ തകര്‍ത്ത മുഹമ്മദ് ആമിറിന്‍റെ ആദ്യ സ്പെല്ലില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുകയെന്നതും കോലിപ്പടയുടെ തന്ത്രമാകും.

നാലാം നന്പറില്‍ വിജയ് ശങ്കറിനാണ് പ്രഥമ പരിഗണനയെങ്കിലും ഓവര്‍ വെട്ടിക്കുറച്ചുള്ള മത്സരമെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കും. വെറ്ററന്‍ താരം ഷൊയിബ് മാലിക്ക് കളിക്കുമെന്ന് സ്ഥിരീകരിച്ച പാക് പരിശീകന്‍ മിക്കി ആര്‍തറും ആത്മവിശ്വാസത്തിലാണ്. 

click me!