
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാക് പേസര്‍ മുഹമ്മദ് അമിറിന് ഇംഗ്ലണ്ട് എന്നുമൊരു പേടിസ്വപ്നമാണ്. പക്ഷേ, ആ പേടി കൊണ്ട് പിന്നീട് അയാള്‍ സ്വന്തം കരിയര്‍ കെട്ടിപ്പൊക്കിയെന്നതു ചരിത്രം. വെറും പത്തൊമ്പതാം വയസില്‍ കരിയര്‍ അസ്തമിച്ചു പോയെന്നു കരുതിയ വാതുവെപ്പ് നടന്നത് ഇംഗ്ലണ്ടില്‍, വീണ്ടും ദേശീയ ടീമിലേക്ക് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയതും ഇംഗ്ലണ്ടില്‍. അന്ന് അവസാനക്കാരനായിറങ്ങി അര്‍ധസെഞ്ചുറി നേടി റെക്കോഡ് ബുക്കില്‍ ഇടം നേടിയതും ഇതേ ഇംഗ്ലണ്ടില്‍. ഇതേ ഇംഗ്ലണ്ടില്‍ വച്ചാണ് 2017-ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇപ്പോഴിതാ, ലോകകപ്പ് നടക്കുന്ന ഈ ഇംഗ്ലണ്ടില്‍ തന്നെ ഏകദിന കരിയറിലെ ആദ്യത്തേതും ലോകകപ്പിലെ തന്നെ മികച്ച ബൗളിങ്ങും നടത്തി അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തിരിക്കുന്നു. ഇംഗ്ലണ്ടില്‍ വച്ച് തന്നെ കരിയറും ജീവിതവും വീണ്ടും കെട്ടിപ്പൊക്കിയ ഈ ക്രിക്കറ്ററെ എന്തു പേരിട്ട് വിളിക്കണം..?
2010-ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയിലാണ് വിവാദമായ സ്‌പോട്ട്ഫിക്‌സിങ് സംഭവം അരങ്ങേറിയത്. ഇത് മനപൂര്‍വ്വമായിരുന്നുവെന്നും കാര്യങ്ങള്‍ വാതുവെപ്പുകാരുടെ കണക്കൂകൂട്ടലുകള്‍ക്കൊപ്പം ഒത്തുകളിച്ചതാണെന്നും ന്യൂസ് ഓഫ് ദി വേള്‍ഡ് വാര്‍ത്ത പുറത്തു വിട്ടതോടെ കളി കാര്യമായി. അമീറിനു പുറമേ മുഹമ്മദ് ആസിഫും സല്‍മാന്‍ ബട്ടും പ്രതിക്കൂട്ടിലായി. ആദ്യം ഇക്കാര്യം അമിര്‍ പ്രതിരോധിച്ചെങ്കിലും വീഡിയോ പുറത്തു വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. മത്സരത്തിന്റെ ആദ്യ ഓവര്‍ എറിയുന്നത് അമിറാണെന്നും അതില്‍ മൂന്നാമത്തെ ബോള്‍ നോബോള്‍ ആയിരിക്കുമെന്നും വാതുവെപ്പുകാരന്‍ മുന്‍കൂറായി പറയുന്ന ദൃശ്യങ്ങളായിരുന്നു ഇത്. മൂന്നാമത്തെ ബോള്‍, നോബോള്‍! ഒപ്പം പത്താമത്തെ ഓവറിലെ ആറാമത്തെ പന്തും നോബോളായിരിക്കുമെന്നു വാതുവെപ്പുകാരന്‍ പറഞ്ഞു. മുഹമ്മദ് ആസിഫ് എറിഞ്ഞ ഈ പന്തിലും അങ്ങനെ തന്നെ സംഭവിച്ചു. അങ്ങനെ ശേഷിച്ച മത്സരങ്ങള്‍ താരങ്ങള്‍ക്കു നഷ്ടപ്പെട്ടപ്പോള്‍ അമിര്‍ കരിയര്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.
ഷാഫിദ് അഫ്രീദി തന്റെ മുറയില്‍ കയറ്റി മുഖത്തടിച്ചതോടെയാണ് അമിര്‍ സത്യം പറഞ്ഞതെന്നു കഴിഞ്ഞ ദിവസം മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്ക് വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനു തൊട്ടു മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു അമിറിന്റെ അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ തന്നെ ആറു വിക്കറ്റ്. ലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും അവിടെ നിന്നും ഇംഗ്ലണ്ടിലേക്കും അമിര്‍ എത്തി. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (18ാം വയസില്‍) 50 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ആദ്യ പാക്ക് ബോളര്‍ എന്ന ഖ്യാതിയോടെയാണ് അമീര്‍ ഇംഗ്ലീഷ് മണ്ണിലെത്തിയത്. അമീറിന്റെ തീപാറുന്ന പന്തുകളെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരും ഭയപ്പെട്ട സമയമായിരുന്നു അത്. പക്ഷേ- പിന്നീട് സംഭവിച്ചതൊക്കെ ഒരു നാടോടിക്കഥ പോലെയായിരുന്നു.
വാതുവെപ്പില്‍ ഉള്‍പ്പെട്ടതോടെ, അമിര്‍ ജയിലില്‍ കിടക്കേണ്ടി വന്നത് ആറു മാസമാണ്. അഞ്ചു വര്‍ഷത്തേക്കാണ് താരത്തെ ഐസിസി സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ക്രിക്കറ്റിലേക്കു തിരിച്ചു വന്ന അമിര്‍ തന്റെ മാജിക്കല്‍ ബൗളിങ്ങ് ഉപയോഗിച്ച് വീണ്ടും ദേശീയ ടീമില്‍ കയറി. 2017-ല്‍ ഇന്ത്യയ്ക്കെതിരേ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടില്‍ വച്ചു അമിര്‍ ഇന്ത്യയെ കണ്ണുനീരു കുടിപ്പിച്ചു്. വെറും 16 റണ്‍സ് വിട്ടു കൊടുത്ത് അന്നു വീഴ്ത്തിയതു രോഹിത് ശര്‍മയേയും ശിഖര്‍ ധവാനെയും വിരാട് കോലിയേയുമാണ്. അന്ന് അമിറിന്റെ മികവില്‍ പാക് ടീം ആഘോഷിച്ചത് 180 റണ്‍സിന്റെ വന്‍ വിജയം കൂടിയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ കളിച്ചപ്പോള്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടു സസ്പെന്‍ഷന്‍ വാങ്ങിയ അമിര്‍ തിരിച്ചു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയതും ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണില്‍ കളിച്ചു കൊണ്ടാണ്. 2016 ഓഗസ്റ്റ് 30-ന് നോട്ടിംഗ്്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ പതിനൊന്നാമനായി ഇറങ്ങിയ അമിര്‍ അടിച്ചു കൂട്ടിയത് 58 റണ്‍സാണ്. അവസാനക്കാരനായി ഇറങ്ങിയ അര്‍ദ്ധസെഞ്ചുറിയടിക്കുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന ബഹുമതി! ഇപ്പോഴിതാ വീണ്ടും അതേ ഇംഗ്ലണ്ടില്‍ ലോകകപ്പിലെ ഒരു ബൗളറുടെ മികച്ച പ്രകടനം അമിര്‍ നടത്തിയിരിക്കുന്നു. ഓസ്ട്രേലിയക്കെതിരേ 30 റണ്‍സ് വിട്ടു കൊടുത്തു വീഴ്ത്തിയത് 5 വിക്കറ്റ്.
വാതുവെപ്പില്‍ ഉള്‍പ്പെടും മുന്നേ 2010 ട്വന്റി 20 ലോകകപ്പില്‍ മറ്റാര്‍ക്കും ഇതുവരെയും സ്വന്തമാക്കാന്‍ കഴിയാത്തൊരു ബൗളിങ് റെക്കോഡും അമീറിന്റെ പേരിലുണ്ട്. മെയ്ഡണ്‍ ഓവര്‍. അതിലെന്തിരിക്കുന്നു എന്ന് അന്തിച്ചിരിക്കാന്‍ വരട്ടെ. അതില്‍ അഞ്ചു പന്തിലും ഓസീസ് ബാറ്റ്സ്മാന്മാരുടെ അഞ്ചു വിക്കറ്റുകള്‍ നിലം പൊത്തി. മൂന്നു വിക്കറ്റുകള്‍ അമീറിനും രണ്ടു റണ്ണൗട്ടുകളും. അങ്ങനെയന്നു വീണ ആ അഞ്ചുവിക്കറ്റ് റെക്കോഡ് ഇന്നോളം ഒരു ടീമിനും ഒരു ഫോര്‍മാറ്റിലും മറികടക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ.