Latest Videos

'സെഞ്ചുറി'യന്‍ എന്തിന്? റെക്കോര്‍ഡ് നേട്ടവുമായി പാക്കിസ്ഥാന്‍

By Web TeamFirst Published Jun 3, 2019, 7:33 PM IST
Highlights

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിതെ മികച്ച സ്കോര്‍ സ്വന്തമാക്കിയ പാക്കിസ്ഥാന്‍ പേരിലെഴുതിയത് വ്യത്യസ്തമായ ഒരു റെക്കോര്‍ഡ്

നോട്ടിംഗ്ഹാം: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ സ്വന്തമാക്കിയ പാക്കിസ്ഥാന്‍ പേരിലെഴുതിയത് വ്യത്യസ്തമായ ഒരു റെക്കോര്‍ഡും. ലോകകപ്പില്‍ ടീമിലെ ഒരു താരം പോലും സെഞ്ചുറി നേടാതെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തിയ ടീം എന്ന നേട്ടമാണ് പാക് പട പേരിലെഴുതിയത്.

2015 ലോകകപ്പില്‍ യുഎഇക്കെതിരെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് എടുത്തിരുന്നു. അന്ന് 99 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് ആയിരുന്നു ടോപ് സ്കോറര്‍. ഇന്ന് നോട്ടിംഗ്ഹാമില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് കുറിച്ചത്.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് മിന്നുന്ന പ്രകടനം പുറത്തെടുത്തത്. 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഇമാം ഉള്‍ ഹഖും ഫക്തര്‍ സമാനും ചേര്‍ന്ന് നല്‍കിയത്.

ക്രിസ് വോക്സിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറുകള്‍ പായിച്ച് ഫക്തര്‍ പാക്കിസ്ഥാന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കി. ഇമാം ഉള്‍ ഹഖ് ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ ആക്രമണത്തിന്‍റെ ചുമതല ഫക്തര്‍ സമാന്‍ ആണ് ഏറ്റെടുത്തത്. ഇരുവരും മുന്നേറിയതോടെ ആദ്യ വിക്കറ്റിനായി ഇംഗ്ലണ്ടിന് 14-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു.

മോയിന്‍ അലിയുടെ കുത്തിതിരിഞ്ഞ പന്തിന്‍റെ ഗതി മനസിലാവാതിരുന്ന ഫക്തറിന് പന്ത് ഹിറ്റ് ചെയ്യാനായില്ല. ശരവേഗത്തില്‍ ബട്‍ലര്‍ സ്റ്റംപ് ചെയ്തതോടെ പാക് ഓപ്പണിംഗ് ബാറ്റ്സ്മാന്‍റെ കഥ കഴിഞ്ഞു. പിന്നീടെത്തിയ ബാബര്‍ അസം കളം നിറഞ്ഞെങ്കിലും പാക് സ്കോര്‍ 111ല്‍ നില്‍ക്കെ ഇമാം ഉള്‍ ഹഖും മോയിന്‍ അലിക്ക് മുന്നില്‍ വീണു.

ഇതോടെ പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കാമെന്നുള്ള പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് മുന്നില്‍ ബാബറും മുഹമ്മദ് ഹഫീസും പാറപോലെ ഉറച്ച് നിന്നു. ഹഫീസിന് രണ്ട് തവണ ജേസണ്‍ റോയ് ജീവന്‍ നല്‍കിയതോടെ സ്കോര്‍ ബോര്‍‍ഡില്‍ റണ്‍സ് നിറഞ്ഞു.

ബാബറിന് പകരം നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വന്നിട്ടും കളിയുടെ ഗതിക്ക് മാറ്റമുണ്ടായില്ല. എന്നാല്‍, അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ സാധിക്കാതെ പോയതും വിക്കറ്റുകള്‍ വീണതുമാണ് പാക്കിസ്ഥാന്‍റെ 350 റണ്‍സ് എന്ന ലക്ഷ്യത്തിന് മുന്നില്‍ തടസമായത്. 

click me!