പാക്കിസ്ഥാന് സെമിയിലേക്കുള്ള വഴി അടയുന്നില്ല; കൂട്ടിന് 92ലെ ഓര്‍മകളും

By Web TeamFirst Published Jun 24, 2019, 9:35 AM IST
Highlights

പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ അവസാനിക്കുന്നില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ കൂടി വിജയിച്ചാല്‍, ഒരുപക്ഷേ അവസാന നാലില്‍ ഒരാളായി പാക്കിസ്ഥാനുമുണ്ടാവും.

പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ അവസാനിക്കുന്നില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ കൂടി വിജയിച്ചാല്‍, ഒരുപക്ഷേ അവസാന നാലില്‍ ഒരാളായി പാക്കിസ്ഥാനുമുണ്ടാവും. ഈ ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഓരോ ജയത്തിന് പിന്നിലും 1992 ലോകകപ്പുമായി ഏറെ സമാനതകളുണ്ട്. ആ സമാനതകള്‍ പരിശോധിക്കുമ്പോള്‍ പാക്കിസ്ഥാന് നിരാശപ്പെടേണ്ടതില്ല. 

1992 ലോകകപ്പില്‍ തോറ്റാണ് പാക്കിസ്ഥാന്‍ തുടങ്ങിയത്. ഈ ലോകകപ്പിലും കഥ മറ്റൊന്നായിരുന്നില്ല. രണ്ട് മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. രണ്ടാം മത്സരം സിംബാബ്‌വെയോട് ജയിച്ചപ്പോള്‍ ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. മൂന്നാം മത്സരം മഴയില്‍ ഒലിച്ചു പോയി. അന്ന് ഇംഗ്ലണ്ടും ഇത്തവണ ശ്രീലങ്കയുമായിരുന്ന എതിരാളി. 

92ല്‍ നാലാം മത്സരത്തില്‍ ഇന്ത്യയോട് തോറ്റു. ഇത്തവണ ആ തോല്‍വി ഓസ്‌ട്രേലിയയോടായെന്ന് മാത്രം. അന്ന് അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 20 റണ്‍സിന് തോറ്റു. ഈ വര്‍ഷം ഇന്ത്യക്ക് മുന്നില്‍ തരിപ്പണമായി. 

92ലെ ആറാം ഊഴത്തില്‍ ഓസീസിനെ തോല്‍പ്പിച്ചു. ഇന്നലെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ ആ സമാനതയും പൂര്‍ത്തിയായി. ചരിത്രം കൂടെ നില്‍ക്കുന്നു. സര്‍ഫറാസിനും സംഘത്തിനും മുന്നിലുള്ളത് ഇനി മൂന്ന് മത്സരങ്ങള്‍. 

ഇതില്‍ ഒരു എതിരാളി കരുത്തരായ കിവീസാണ്. പിന്നീട് അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും നേരിടും. നിലവിലെ ഫോമും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കും പാകിസ്ഥാന് അനുകൂലം ഈ മുന്‍തൂക്കം സെമിയില്‍ കലാശിക്കുമോ എന്ന് കാത്തിരുന്നു കാണാം.

click me!