
സതാംപ്ടണ്‍: വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യയും പരാജയം മാത്രം പേരിലുള്ള അഫ്ഗാനും ഏറ്റുമുട്ടിയപ്പോള്‍ മികച്ച ബൗളിംഗ് പ്രകടനമാണ് അവര്‍ നടത്തിയത്.
ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി കോലിപ്പടയെ ഞെട്ടിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്. ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചു. ലോകകപ്പില്‍ തോല്‍വി അറിയാത്ത ഇന്ത്യക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാനാണ് രോഹിത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.
പത്തു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ ശതകവും നേടിയ രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടമായത് വലിയ അടിയാണ് ഇന്ത്യക്ക് നല്‍കിയത്. അതിനൊപ്പം അല്‍പം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു റെക്കോര്‍ഡും കൂടെ ഹിറ്റ്മാന് ലഭിച്ചു. 2019 ലോകകപ്പില്‍ സ്പിന്നിന് മുന്നില്‍ വീഴുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് രോഹിത് മാറിയത്.
ഇന്നത്തെ മത്സരത്തിന് മുമ്പ് സ്പിന്നര്‍മാരുടെ 53 ഓവറുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടിരുന്നു. അതില്‍ 339 റണ്‍സും നേടി. എന്നാല്‍ ഇമ്രാന്‍ താഹിര്‍ അടക്കമുള്ള വന്‍മരങ്ങള്‍ക്ക് മുന്നിലും പിടിച്ച് നിന്ന ഇന്ത്യന്‍ താരങ്ങള്‍ അഫ്ഗാന്‍റെ സ്പിന്‍ ആക്രമണത്തില്‍ പകച്ചു. രോഹിത്തിന് പിന്നാലെ വിരാട് കോലി, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരും വീണത് സ്പിന്നിലാണ്.